പണം വാങ്ങി റിവ്യൂ ചെയ്യുന്നു: പണം നൽകിയില്ലെങ്കിൽ സിനിമയെ പരാജപെടുത്തുമെന്ന്‌ ഭീഷണി: പെയ്‌ഡ്‌ റിവ്യു സംസ്‌കാരത്തിനെതിരെ നടൻ സാബു മോൻ

"ഈ റിവ്യൂവേഴ്സും സിനിമ കണ്ട് വരുന്ന ആളുകളുടെ റെസ്പോൺസ് എടുക്കുന്ന ആളുകളും അവർ അവരെത്തന്നെ വിളിക്കുന്നത് ജേണലിസ്റ്റുകളായിട്ടാണ്. അവരെങ്ങനെയാണ് ജേണലിസ്റ്റുകളാവുന്നത്?"

0
160

മലയാള സിനിമയിൽ ശക്തമാകുന്ന പെയ്‌ഡ്‌ റിവ്യു സംസ്‌കാരത്തിനെതിരെ തുറന്നടിച്ച്‌ നടൻ സാബു മോൻ. ഒരു സിനിമയുടെ ആദ്യ ഷോ കഴിയുന്നതിനു മുൻപു തന്നെ നെഗറ്റീവ് റിവ്യൂ പറയുന്ന ആളുകൾ ജേണലിസ്റ്റുകളല്ല, മറിച്ച് പാപ്പരാസികളാണെന്ന്‌ നടൻ പറഞ്ഞു. പണ്ടത്തെ മഞ്ഞപത്രത്തിന്റെ ഡിജിറ്റൽ വേർഷനാണ് ഇപ്പോഴത്തെ ചില ഓൺലൈൻ ചാനലുകൾ. തന്റെ പുതിയ ചിത്രമായ പ്രാവിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് താരം തുറന്ന്‌ അടിച്ചത്‌.

അവർ സിനിമയെ സഹായിക്കാനല്ല ഇതെല്ലാം ചെയ്യുന്നത്‌. അവരുടെ ലക്ഷ്യം കണ്ടന്റ്‌ ഉണ്ടാക്കി അവർക്ക്‌ ലാഭം ഉണ്ടാക്കുക എന്നത്‌ മാത്രമാണ്‌. പണം നൽകിയാൽ സിനിമയെക്കുറിച്ച്‌ നല്ല റിവ്യൂ നൽകും. ഇല്ലെങ്കിൽ സിനിമയ്‌ക്ക്‌ മോശം പ്രചാരണം നടത്തും. ആദ്യ ഷോ കഴിയുന്ന ഉടൻ തന്നെ റിവ്യൂ പറഞ്ഞ് നാറ്റിക്കുമെന്ന് പറഞ്ഞ്‌ ഭീഷണിപെടുത്തുന്നവരെ തനിക്ക് നേരിട്ട് അറിയാമെന്നും നടൻ പറഞ്ഞു.

സാബു മോന്റെ വാക്കുകൾ

‘ഈ റിവ്യൂ ചെയ്യുന്നവരുടെ ഒരേ ഒരു ലക്ഷ്യം കണ്ടെന്റ് ഉണ്ടാക്കുക എന്നതാണ്. അല്ലാതെ സിനിമയെ നന്നാക്കുക എന്നതല്ല. നമ്മൾ ഒരു കാര്യത്തെ അത് ചെയ്തത് ശരിയായില്ല എന്ന് പറയുമ്പോൾ നമുക്കത് നന്നായി കാണണമെന്ന ആഗ്രഹം കൊണ്ടായിരിക്കുമല്ലോ. അപ്പോൾ ചെയ്ത ആൾ എങ്ങനെ ചെയ്യണമായിരുന്നു എന്ന് ചോദിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ നന്നായിരിക്കും, എന്ന് പറയുന്നത് നമുക്കൊരു പ്രൊഡക്ടിവ് ഔട്ട്പുട്ട് തരും. അങ്ങനെ മെച്ചപ്പെടുന്ന തരത്തിലുള്ള ഒന്നും ഈ റിവ്യൂകളിലൊന്നും ഉണ്ടാവില്ല.

ഈ റിവ്യൂവേഴ്സും സിനിമ കണ്ട് വരുന്ന ആളുകളുടെ റെസ്പോൺസ് എടുക്കുന്ന ആളുകളും അവർ അവരെത്തന്നെ വിളിക്കുന്നത് ജേണലിസ്റ്റുകളായിട്ടാണ്. അവരെങ്ങനെയാണ് ജേണലിസ്റ്റുകളാവുന്നത്? അവർക്ക് ജേർണലിസ്റ്റുകൾ എന്നല്ല ഇംഗ്ലീഷിൽ അവരെ വിളിക്കുന്നത് പാപ്പരാസികൾ എന്നാണ്. മലയാളത്തിൽ അവരെ മഞ്ഞപത്രക്കാർ എന്നാണ് പറയുക. എൺപതു തൊണ്ണൂറുകളിലൊക്കെ നമ്മുടെ നാട്ടിൽ മഞ്ഞപത്രങ്ങളുണ്ടയിരുന്നു. മഞ്ഞപത്രം എന്ന് വിളിക്കുന്നതിന് കാരണം പത്രങ്ങൾക്ക് ഗവണ്മെന്റ് ന്യൂസ് പ്രിന്റ് കൊടുക്കും, അതായത് സബ്സിഡി നിരക്കിലാണ് പേപ്പർ കൊടുക്കുന്നത്. ഈ പേപ്പർ ഇവർ വാങ്ങിയിട്ട് മറിച്ച് വിൽക്കും.

പത്രം പ്രിന്റ് ചെയ്യാൻ കോളിറ്റി പേപ്പറാണ് ഗവണ്മെന്റ് കൊടുക്കുന്നത്. ഏറ്റവും ചീപ്പായിട്ടുള്ള മഞ്ഞ കളർ ഉള്ള പേപ്പറിലാണ് ഇവർ പ്രിന്റ് ചെയ്യുക. മഞ്ഞ കളറിൽ അടിച്ചു വരുന്ന പത്രത്തിൽ ഊഹാപോഹങ്ങളും അഭ്യുഹങ്ങളുമാണ് ഉണ്ടാവുക. ഇത് വായിക്കാൻ കൊതിയുള്ള ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ഈ ഒളിഞ്ഞു നോട്ടം ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഇതിനെ ഉപയോഗപ്പെടുത്തിയാണ് ഇവരിത് ചെയ്യുന്നത്.

ഇവർ വേറൊരു കാര്യം കൂടി ചെയ്യും. ഇത് പ്രിന്റ് ചെയ്യുന്നതിന് മുൻപ് അവരിത് ആരെക്കുറിച്ചാണോ എഴുതുന്നത് അവരെ കാണിക്കും എന്നിട്ട് പ്രിന്റ് ചെയ്യണൊ വേണ്ടയോ എന്ന് ചോദിക്കും, പ്രിന്റ് ചെയ്യെണ്ടങ്കിൽ പണം ചോദിക്കും ഇല്ലെന്നുണ്ടെങ്കിൽ അടിച്ച് നാറ്റിക്കും. ഈ മഞ്ഞ പത്രത്തിന്റെ ഡിജിറ്റൽ വേർഷനാണ് ഈ കാണുന്ന സോഷ്യൽ മീഡിയ എന്ന് പറയുന്ന പാരലൽ വേൾഡ് റൺ ചെയ്ത് കൊണ്ടിരിക്കുന്ന സൊ കോൾഡ് ചാനെൽസ്. അവർക്ക് മൊറാലിറ്റിയില്ല, അക്കൗണ്ടബിലിറ്റിയില്ല, ഒന്നുമില്ല. വായിൽ തോന്നിയത് പറഞ്ഞുകൊണ്ടിരിക്കും.

അതിൽ നിന്ന് ഒരു വിഭാഗം റിവ്യൂ ചെയ്യുന്നവരാണ്. എന്നിട്ട് അവർ പറയും ഒന്നുകിൽ നീ എനിക്ക് പണം താ അല്ലെങ്കിൽ സിനിമയുടെ ആദ്യ ഷോ കഴിയുന്ന ഉടൻ തന്നെ റിവ്യൂ പറഞ്ഞ് നാറ്റിക്കുമെന്ന്. എനിക്ക് നേരിട്ട് അറിയാം കുറെയെണ്ണം സിനിമ പോലും കണ്ടിട്ടുണ്ടാവില്ല ഇന്റെർവെലിനൊക്കെ പറഞ്ഞു കളയും സിനിമ കൊള്ളില്ല എന്ന്. അവർക്ക് എങ്ങനെ ഇങ്ങനെ പറയാൻ കഴിയും.

ഞാൻ വലിയ തിരക്കുള്ള നായക നടനൊന്നുമല്ല. ഇവരോട് ചോദിക്കാൻ ആരുമില്ലന്നെ. എഴുന്നേറ്റ് നിന്ന് ചോദിക്കണം. റിജെക്ട് ചെയ്യണം, ഇവർക്കാർക്കും ഇന്റർവ്യൂ കൊടുക്കരുത്, സിനിമ ലോകത്താരും ഇവരോടാരും സംസാരിക്കരുത്. എനിക്ക് പരിചയമുള്ള നടീ നടന്മാരോടൊക്കെ പറയാറുണ്ട് അവരോടൊന്നും സംസാരിക്കരുത്, ഇവർക്കൊന്നും ഇന്റർവ്യൂ കൊടുക്കരുതെന്ന്. ഇങ്ങനെ ഇവരെ ഒഴിവാക്കിയാൽ അവരെന്ത് ചെയ്യും. അവർ തീരും.

ഓർമ്മയുണ്ടോ ടെലിവിഷനെ സിനിമ ഇന്‍ഡസ്ട്രി കട്ട് ഓഫ് ചെയ്ത് കളഞ്ഞത്. ടെലിവിഷൻ ഷോ ഇല്ലാതായി പോയി. ഒറ്റ മനുഷ്യർ ടിവിയിൽ പോവരുതെന്ന് പറഞ്ഞപ്പോൾ ടെലിവിഷൻ മുട്ടുമടക്കി മൂവി ഇന്‍ഡസ്ട്രിയുടെ മുന്നിൽ. മൂവി ഇന്‍ഡസ്ട്രി തീരുമാനിക്കണം, ഇല്ല ഞങ്ങൾ തരില്ലെന്ന്. അവിടം കൊണ്ട് തീർന്നു ഈ സാധനം.’