കൊച്ചി: അധ്യാപകനും പ്രശസ്ത എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. എറണാകുളം ലിസി ആശുപത്രിക്കുസമീപം ‘തിരുനക്കര’ വീട്ടിലായിരുന്നു താമസം. സംവിധായകൻ അമൽ നീരദിന്റെ അച്ഛനാണ്. ഭാര്യ: പരേതയായ എസ് ഹേമലത. അനുപയാണ് മകൾ. മരുമക്കൾ: ജ്യോതിർമയി, ഗോപൻ ചിദംബരം (തിരക്കഥാകൃത്ത്).
23 വർഷം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്നു. ചെറുപ്പത്തിലേ സിനിമാപ്രേമിയായിരുന്നു. കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻനായർ, ആർട്ടിസ്‌റ്റ് ശങ്കരൻകുട്ടി എന്നിവരുമായി നല്ല ബന്ധം പുലർത്തി. എലിസബത്ത് ടെയ്‌ലർ, മിസ് കുമാരി എന്നിവരുടെ ജീവിതകഥകൾ എഴുതിയ ഓമനക്കുട്ടൻ, പിൽക്കാലത്ത് ഇരുപത്തഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി.
അടിയന്തരാവസ്ഥക്കാലത്ത് സി ആർ എഴുതി ദേശാഭിമാനി പ്രസിദ്ധീകരിച്ച ‘ശവംതീനികൾ’ കേരളത്തിലും പുറത്തും വലിയ ചർച്ചയായിരുന്നു. പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര. കാണാതാകുമ്പോൾ രാജന്റെ അച്ഛൻ ഈച്ചരവാര്യരും ഓമനക്കുട്ടനും ഒരേമുറിയിലായിരുന്നു താമസം. എറണാകുളം മഹാരാജാസിൽ അധ്യാപകവൃത്തി ആരംഭിച്ച കാലമായിരുന്നു അത്. മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങൾ അടുത്തുനിന്ന് കണ്ടതിന്റെ ആത്മസംഘർഷം വാക്കുകളിലാക്കിയതായിരുന്നു ‘ശവംതീനികൾ’. അഘശംസി എന്ന പേരിൽ ദേശാഭിമാനിയിൽ നർമ്മപംക്തിയും എഴുതിയിരുന്നു.
ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിയാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്. ഓമനക്കഥകൾ, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികൾ, കാല്‌പാട്, പരിഭാഷകൾ, ഫാദർ ഡെർജിയസ്, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർ തണ്ണീർ എന്നിവയാണ് പ്രധാന കൃതികൾ.
കോട്ടയത്താണ് ജനനം. അച്ഛൻ: രാഘവൻ. ‘അമ്മ: പെണ്ണമ്മ. കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സി എം എസ് കോളജ്, കൊല്ലം എസ് എൻ കോളജ്, ചങ്ങനാശേരി എസ് ബി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം. നാലുവർഷം പി ആർ ഡിയിൽ പ്രവർത്തിച്ചു. വർഷങ്ങളോളം എറണാകുളം മഹാരാജാസ് കോളജിൽ മലയാളം അധ്യാപകനായി. 1998 മാർച്ചിൽ വിരമിച്ചു.
ഇക്കഴിഞ്ഞ സെപ്‌തംബർ മൂന്നിനാണ് സി ആറിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലവും എൻജിനിയറിങ് വിദ്യാർഥി രാജന്റെ തിരോധാനവും അനാവരണം ചെയ്യുന്ന ‘ശവംതീനികൾ’, തെരഞ്ഞെടുത്ത കഥകൾ’ എന്നീ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചിരുന്നു. നടൻ മമ്മൂട്ടിയായിരുന്നു ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തത്.
മീഞ്ചന്ത ആർട്‌സ് കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രൊഫ. ഇ കെ ഈച്ചരവാര്യർക്കൊപ്പമായിരുന്നു ഒരു വർഷത്തോളം താമസം. അവിടെവച്ചാണ് രാജനെ പരിചയപ്പെടുന്നത്. മകന്റെ അപ്രതീക്ഷിത തിരോധാനത്തെ തുടർന്ന് മാനസികമായി തകർന്ന അച്ഛനൊപ്പമുള്ള യാത്രയും അന്വേഷണങ്ങളുമാണ് ശവംതീനികൾ എന്ന പുസ്‌തകത്തിന്റെ രചനയിലേക്ക് നയിച്ചത്.
English Summary: Mammootty has released two books of C R on September 3.