വയനാട്ടിലെ ലോൺ ആപ്പ് കെണി; നഗ്നചിത്രം അയക്കുമെന്ന് ഭീഷണി, ചാറ്റ് പുറത്ത്

ഭീഷണി സന്ദേശം ഹിന്ദിയിൽ, പിന്നാലെ വീഡിയോ കോളും.

0
442

കൽപ്പറ്റ: വായ്പയെടുത്ത തുക തിരിച്ചടച്ചില്ലെങ്കിൽ നഗ്നചിത്രങ്ങൾ എല്ലാവർക്കും അയച്ചുകൊടുക്കുമെന്ന് ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണി. ഓൺലൈൻ ലോൺ ആപ്പ്‌ കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്ത അരിമുള ചിറകോണത്ത് സ്വദേശി അജയരാജിന്റെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് ചാറ്റ് ചെയ്തപ്പോഴാണ് ഈ ഭീഷണി. 923488006787 എന്ന നമ്പറിൽനിന്നുള്ള ഭീഷണി ചാറ്റ് പുറത്തുവന്നു. പന്ത്രണ്ടംഗ ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചത്.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ അജയരാജിന്റെ ഏതാനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവരുടെ ഫോണിലേക്ക് ചില അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും ലഭിച്ചിരുന്നു. ബന്ധുക്കളുടെ ഫോണിലേക്കു മോർഫ് ചെയ്ത അശ്ലീല ചിത്രം അയച്ചെന്ന് സഹോദരൻ ജയരാജ് പറഞ്ഞു. ബന്ധുക്കൾക്കും ഭീഷണി സന്ദേശം ലഭിച്ചു. അശ്ലീല സന്ദേശം ലഭിച്ച നമ്പറിലേക്ക് അജയരാജ് മരിച്ചെന്ന് പൊലീസ് ലോണ്‍ തട്ടിപ്പ് സംഘത്തെ അറിയിച്ചപ്പോള്‍ പൊട്ടിച്ചിരിക്കൊപ്പം നല്ല തമാശയെന്നായിരുന്നു മറുപടി. വെള്ളിയാഴ്ച രാത്രി ഒമ്പതേ കാലോടെയാണ് മറുപടി കിട്ടുന്നത്. ഹിന്ദിയിലായിരുന്നു ലോൺ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങൾ. ഇതിനുപിന്നാലെയാണ് അറപ്പുളവാക്കുന്ന ഭാഷയിൽ അശ്ലീലം പറഞ്ഞ് ഭീഷണി മുഴക്കിയത്.

ലോൺ തിരിച്ചടക്കാൻ അടിക്കടി ആവശ്യപ്പെടുന്നു. എത്രയാണ് തുക എന്ന് ചോദിച്ചപ്പോൾ അയ്യായിരം എന്നായിരുന്നു മറുപടി. എങ്ങനെയാണ് തുക തിരിച്ചടക്കേണ്ടത് എന്ന ചോദ്യത്തിന് യുപിഐ വഴി എന്ന് മറുപടി. പത്ത് മിനിറ്റ് കഴിഞ്ഞശേഷം ‘ഭായ് ടുഡേ യു ആർ നോട്ട് മൈ കസ്റ്റമർ’ (ഇന്ന് നിങ്ങളെന്റെ കസ്റ്റമറല്ല) എന്ന സന്ദേശം അയച്ചു. ഓക്കേ, നിങ്ങളുടെ ജോലിക്കാരന് കൊടുത്തോളു എന്നും ചാറ്റിലുണ്ട്. ഇതിനുപിന്നാലെയാണ് നഗ്ന ഫോട്ടോ എല്ലാവർക്കും അയച്ചുകൊടുക്കുമെന്ന ഭീഷണി. ‘തൂ രുക്ക്’ (നീ നിൽക്കു) എന്ന് പറഞ്ഞശേഷം വീഡിയോ കോളും ചെയ്തിട്ടുണ്ട്.

ഈ വാട്ട്സ് ആപ്പ് ചാറ്റുകളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അജയരാജിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാ പ്രേരണ, ഭീഷണി, ഐടി വകുപ്പ് പ്രകാരമാണ് കേസെടുക്കുക. സൈബർ സെല്ലിന്‍റെ പ്രാഥമിക പരിശോധനയിൽ ഭീഷണി സ്ഥിരീകരിച്ചു. ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അജയരാജിന്റെയടക്കം ആപ്പ് വഴി ലോണ്‍ നല്‍കുന്ന സംഘത്തിന്റെ സന്ദേശമെത്തിയ മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

English Summary: Wayanad Loan App Threat message in Hindi followed by video call.