കൊച്ചി: കടമക്കുടിയിൽ നാലംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം. മരിച്ച നിജോയുടെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറി. ഓൺലൈൻ വായ്പ ആപ്പുകളെക്കുറിച്ചും ഭീഷണി സന്ദേശ ഉറവിടത്തെപ്പറ്റിയും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
ക്യാഷ് ബസ്, ഹാപ്പി വാലറ്റ് എന്നീ ഓണ്‍ലൈന്‍ വായ്പാ ആപ്പുകൾക്കെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തിരുന്നു. ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് മക്കളായ എയ്ബൽ, ആരോൺ എന്നിവരെ കൊലപ്പെടുത്തിയശേഷം കടമക്കുടി മാടശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ എന്നിവർ ജീവനൊടുക്കിയിരുന്നു.
ലോൺ ആപ്പുകളിൽ നിന്നുള്ള നിരന്തര ഭീഷണിയും ശിൽപയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും നാട്ടുകാർക്കും അയച്ചതിന്റെ അപമാനഭാരവും കൊണ്ടാണ് ഇവർ കൂട്ട ആത്മഹത്യയിൽ അഭയം തേടിയതെന്നാണ് പരാതി. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ വായ്പ തട്ടിപ്പ് സംഘത്തിൻ്റെ ഇടപെടലുണ്ടെന്ന് നിജോയുടെ കുടുംബം നൽകിയ പരാതിയിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏത് ആപ്ലിക്കേഷൻ വഴിയാണ് ലോൺ എടുത്തതെന്നും എത്ര രൂപയാണെന്നുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നിജോയുടെയും ഭാര്യ ശിൽപയുടെയും ഫോണുകൾ പരിശോധിക്കാൻ തീരുമാനിച്ചത്. ഫോണുകൾ പൊലീസിന്റെ പക്കൽ ഉണ്ടെങ്കിലും അത് ലോക്ക് ചെയ്ത നിലയിലാണ്. ഇത് തുറന്നു പരിശോധിക്കുന്നതിന് വേണ്ടിയാണ് ഫോണുകൾ സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറിയത്.
അതേസമയം, നിജോയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മോർഫ് ചെയ്ത ചിത്രവും സന്ദേശങ്ങളും അയച്ച നമ്പറിന്റെ ഉടമയെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണശേഷവും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് അയൽവാസികളും ബന്ധുക്കളും പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മരിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.
English Summary: Nijo’s family has complained about the involvement of an online loan fraud gang.