ക്രിക്കറ്റിലും വിദ്വേഷം കലർത്തി കേന്ദ്ര കായികമന്ത്രി; തീവ്രവാദം നിർത്തുംവരെ പാകിസ്ഥാനുമായി പരമ്പരകളില്ല: അനുരാ​ഗ് താക്കൂർ

2012-13ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാനം ക്രിക്കറ്റ് പരമ്പര കളിച്ചത്.

0
224

ന്യൂഡൽഹി: പാകിസ്ഥാൻ ആദ്യം തീവ്രവാദവും നുഴഞ്ഞു കയറ്റവും നിർത്തട്ടെയെന്നും അതിനുശേഷം ക്രിക്കറ്റിനെപ്പറ്റി തീരുമാനിക്കാമെന്നും കേന്ദ്ര കായികമന്ത്രി അനുരാ​ഗ് താക്കൂർ. അനന്ത്നാ​ഗ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ​കായിക മന്ത്രിയുടെ പ്രതികരണം. തീവ്രവാദം
അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരകൾ കളിക്കില്ല. നുഴഞ്ഞുകയറ്റം, അതിർത്തി കടന്നുള്ള ആക്രമണം ഇവ നിർത്തിയശേഷം ക്രിക്കറ്റ് പരമ്പരകളെപ്പറ്റി ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ബിസിസിഐ നേരത്തെ തീരുമാനിച്ചതാണ്. രാജ്യത്തിന്റെ വികാരങ്ങൾക്കൊപ്പം ജനങ്ങളും നിൽക്കുമെന്നാണ് കരുതുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

2012-13ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാനം ക്രിക്കറ്റ് പരമ്പര കളിച്ചത്. അന്നത്തെ മത്സരങ്ങളെല്ലാം ഇന്ത്യയിലായിരുന്നുതാനും. ഇന്ത്യ പാകിസ്ഥാനിൽ ഏറ്റവുമൊടുവിൽ ക്രിക്കറ്റ് പരമ്പരക്കെത്തിയത് 2006ലും. അതിനുശേഷം പലതവണ ക്രിക്കറ്റ് ആരാധകർ ആവശ്യമുന്നയിച്ചിട്ടും മത്സരങ്ങളൊന്നുമുണ്ടായില്ല. ബിസിസിഐയും കേന്ദ്ര കായിക മന്ത്രാലയവും ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്.

ഈ മാസമാദ്യം ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ഏഷ്യാ കപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ബിസിസിഐ സംഘത്തിന്റെ സന്ദർശനം. ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പരയ്ക്ക് സന്ദർശനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. അനുരാ​ഗ് താക്കൂറിന്റെ പ്രതികരണം കൂടി പുറത്തുവന്നതോടെ ആരാധകരാകെ നിരാശയിലാണ്. ഇക്കുറി ഏഷ്യ കപ്പ് ക്രിക്കറ്റിലും ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾക്കായിരുന്നു കാണികൾ ഏറെയും.

English Summary: Anurag Thakur praised BCCI’s decision to not play any bilateral series with Pakistan. Pakistan