നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ല; പുതിയ പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വീണാ ജോർജ്

നിപാ വാർത്തകളെ സംബന്ധിച്ച് ഏതെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെടണമെന്ന് മന്ത്രി റിയാസ്.

0
200

കോഴിക്കോട്: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാകുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ നിപാ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രണ്ടാം ഘട്ടത്തിലേക്ക് രോഗം ഇതുവരെ കടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അവലോകന യോ​ഗ​ത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ഇന്ന് ലഭിച്ച പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. രാത്രിയോടെ 51 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി പ്രതീക്ഷിക്കുന്നു. രണ്ടാം തരംഗം ഉണ്ടാവാത്തത് ആശ്വാസമാണ്. ആദ്യ രോഗിയുടെ സമ്പർക്കത്തിലുള്ളവർക്ക് മാത്രമാണ് ഇതുവരെ രോഗബാധയുണ്ടായത്.

പുതുതായി അഞ്ചുപേർ കൂടി ഐസൊലേഷനിൽ പ്രവേശിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു. നേരത്തെ ചികിത്സയിലുള്ളവരുമായി ബന്ധമുള്ളവരാണ് ഇവർ. ഇവരുടെ സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് രാത്രിയും നാളെയുമായി പുറത്തുവരും. ചികിത്സയിലിരിക്കുന്നവരുട നിലയിൽ ആശങ്കകളില്ലെന്നും വെന്റിലേറ്ററിൽ കഴിയുന്ന ഒമ്പത്‌ വയസ്സുള്ള കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലുള്ളവരുടെ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനിക്കും. 1192 പേരെ ഇതുവരെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 97 പേരെക്കൂടി കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വ്യക്തിയുമായി സംസാരിച്ചെന്നും ആരോ​ഗ്യനിലയിൽ ആശങ്കയില്ലെന്നും മന്ത്രി കൂട്ടിച്ചേർ‌ത്തു. സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ വിവരം പ്രചരിപ്പിച്ച ഒരാൾക്കെതിരെ കൂടി കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു.

നിപാ വാർത്തകളെ സംബന്ധിച്ച് ഏതെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും കൃത്യമായ വിവരങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചില വിദേശ മാധ്യമങ്ങളിലുൾപ്പെടെ നിപായെക്കുറിച്ച് തെറ്റായ വിവരങ്ങൾ വരുന്ന പ്രവണത കാണുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

English Summary: Any doubts regarding Nipah contact with Authorities: Minister Rias.