നിപ; ആയിരം ജീവനക്കാർ രക്തം നൽകും, രക്തദാനം എൻജിഒ യൂണിയൻ നേതൃത്വത്തിൽ

എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായാണ് സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനം.

0
132

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആയിരം സർക്കാർ ജീവനക്കാർ രക്തം ദാനം ചെയ്യും. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രക്തദാതാക്കളുടെ കുറവുണ്ടായത് പരിഹരിക്കുന്നതിനായാണ് കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ രക്തം ദാനം ചെയ്യുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്, ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിയായി ആയിരം ജീവനക്കാർ രക്തം നൽകും.

കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി ജീവനക്കാരുടെ രക്തഗ്രൂപ്പ് ഡയറക്ടറി പുറത്തിറക്കുന്നുണ്ട്. ഇതിനൊപ്പം രക്തദാനസേനയും രൂപികരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഏരിയകളിലെ സ്ഥാപനങ്ങളിൽനിന്നുള്ള ജീവനക്കാരാണ് രക്തം നൽകുന്നത്.

വജ്ര ജൂബിലിയുടെ ഭാഗമായി നിർധനരായ 60 കുടുംബങ്ങൾക്ക് വീട്, എല്ലാ ജില്ലകളിലെയും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആംബുലൻസ്, അവയവദാനം സംബന്ധിച്ച പ്രചാരണ പ്രവർത്തനങ്ങൾ എന്നിങ്ങനെ സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിരവധി പ്രവർത്തനങ്ങളാണ് യൂണിയൻ നടത്തിവരുന്നത്.

English Summary: Blood donation led by Kerala NGO Union.