ഒമാനിൽ ഗോതമ്പുൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കൃഷി മന്ത്രാലയം

0
151

ഒമാനിൽ ഗോതമ്പുൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കൃഷി,ഫിഷറീസ്,ജലവിഭവ മന്ത്രാലയം. ഗോതമ്പുൽപാദനം കഴിഞ്ഞ വർഷത്തിൽ നിന്ന് ഈ വർഷം മൂന്ന് മടങ്ങായി വർധിപ്പിക്കാൻ ആണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

2022ലെ 2,167 ടണ്ണിൽ നിന്ന് ഈ വർഷം ഏകദേശം 7,000 ടണ്ണായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് പിന്തുണ നൽകുക, ഒമാനി കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറക്കുക എന്നിവയാണ് ഗോതമ്പ് കൃഷിയിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം.ഈ വർഷത്തെ ഉൽപ്പാദന ലക്ഷ്യം കൈവരിക്കുന്നതിന്, ഗോതമ്പ് കൃഷിചെയ്യാൻ അനുവദിച്ച ഭൂമി 2022ൽ 2,422 ഏക്കറിൽനിന്ന് ഇരട്ടിയായി 6,000 ഏക്കറായി വർധിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1,900 കർഷകർ ഈ വർധിച്ച ഉൽപാദനത്തിന് സംഭാവന നൽകുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്. രാജ്യത്തെ ഗോതമ്പ് കൃഷിയുടെ പുനരുജ്ജീവനത്തിന് ഊർജം പകരാൻ ഈ വർഷം 50 ലക്ഷം റിയാൽ ബജറ്റ് നീക്കിവച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രാലയത്തിൻറെ കണക്കനുസരിച്ച് 2020-21 കാർഷിക സീസണിൽ ഒമാൻ 2,649 ടൺ ഗോതമ്പാണ് ഉൽപാദിപ്പിച്ചത്.ദാഖിലിയ ഗവർണറേറ്റിലാണ് ഒമാനിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കൃഷി നടക്കുന്നത്.