അനിരുദ്ധും കീർത്തിയും വിവാഹിതരാകുന്നുവെന്ന്‌ വാർത്ത: പ്രതികരിച്ച്‌ സുരേഷ്‌ കുമാർ

കീർത്തിയുടെയും അനിരുദ്ധിന്റെയും വിവാഹവാർത്തയിൽ അച്ഛനും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍ പ്രതികരിച്ചു

0
5025

നടി കീര്‍ത്തി സുരേഷും തെന്നിന്ത്യൻ ഹിറ്റ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്ന്‌ ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്‌തു. ഇന്ത്യാ ട്യുഡെയുടെ വാർത്ത പ്രകാരം ഇരുവരുടെയും വിവാഹം ഈ വർഷം അവസാനം നടക്കും. റെമോ, താനാ സേർന്ത കൂട്ടം, അജ്ഞാതവാസി തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച്‌ പ്രവർത്തിച്ചിട്ടുണ്ട്‌.

എന്നാൽ വിവാഹ വാർത്തയ്‌ക്കെതിരെ കീർത്തിയുടെ അച്ഛനും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍ രംഗത്ത്‌ വന്നു. യാതൊരു സത്യവും ഇല്ലാത്ത വാര്‍ത്തയാണെന്നാണ്‌ സുരേഷ് കുമാര്‍ പ്രതികരിച്ചത്‌. ‘അതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും വിവാഹ വാർത്തകൾ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. നേരത്തെ ഒരു വ്യവസായിയുമായി കീര്‍ത്തി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും നടി അത് നിഷേധിച്ച് രംഗത്ത്‌ വന്നത്തോടെ അവസാനിച്ചു.

വ്യവസായിയായ ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു അന്ന് പ്രചരിച്ച ഗോസിപ്പുകള്‍. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു അന്ന് കീർത്തി സുരേഷ് പ്രതികരിച്ചത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയായി എത്തും. സംവിധായകൻ അറ്റ്‍ലിയുടെ പ്രൊഡക്ഷൻ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ് കീര്‍ത്തി സുരേഷ് നായികയാകുക. നായകനായി വരുണ്‍ ധവാനെ പരിഗണിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്.