സി ആര്‍ ഓമനക്കുട്ടന്‍ നർമവും ദാര്ശനികതയും ഒരുപോലെ കൈകാര്യം ചെയ്‌ത എഴുത്തുകാരൻ: മുഖ്യമന്ത്രി

0
143

തിരുവനന്തപുരം: എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായിരുന്നു സി ആര്‍ ഓമനക്കുട്ടന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നര്‍മ്മരസപ്രധാനമായവ മുതല്‍ ദാര്‍ശനികമായവ വരെ ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ രചനാ ലോകം. അടിയന്തരാവസ്ഥയെ തുടര്‍ന്ന് അദ്ദേഹം ദേശാഭിമാനിയിലെഴുതിയ ‘ശവം തീനികള്‍’ എന്ന പരമ്പര ആ കാലത്തിന്‍റെ നിഷ്ഠുരതകളെ തുറന്നു കാട്ടുന്നതായിരുന്നു. അന്നു കൊല്ലപ്പെട്ട രാജന്‍റെ അച്ഛന്‍ ഈച്ചര വാര്യരുമായി ഉണ്ടായിരുന്ന മാനസിക ബന്ധത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ആ പരമ്പര സി ആര്‍ ഓമനക്കുട്ടന്‍ രചിച്ചത്.

ദേശാഭിമാനിയില്‍ ‘അഘശംസി’ എന്ന പേരില്‍ അദ്ദേഹം നര്‍മ്മരസപ്രധാനമായ രാഷ്‌ട്രീയ വിമര്‍ശന പംക്തി കൈകാര്യം ചെയ്‌തിരുന്നു. ‘നീ സത്യം ജ്ഞാനം ആനന്ദം’ അടക്കമുള്ള നിരവധി പുസ്‌തകങ്ങളുടെ സ്രഷ്‌ടാവായ സി ആര്‍ ഓമനക്കുട്ടന്‍ അതിവിപുലമായ ശിഷ്യ സമ്പത്ത് കൊണ്ട് കൂടി അനുഗൃഹീതനായിരുന്നു. സാഹിത്യ ചരിത്രവും രാഷ്‌ട്രീയ ചരിത്രവും സൂക്ഷ്‌മ‌മായി അവലോകനം ചെയ്യുന്നതില്‍ ശ്രദ്ധാലുവായിരുന്നു. ഇടതുപക്ഷ സാംസ്‌കാരിക നിലപാടുകള്‍ അദ്ദേഹം ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു