ലോക്‌സഭാ തെരഞ്ഞെടുപ്പ്; കർണാടകത്തിൽ ബിജെപിയുമായി കൈകോർക്കാൻ ജെഡിഎസ്

ബിജെപി സഖ്യമുണ്ടാകുമെന്ന കാര്യം സ്ഥിരീകരിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി.

0
291

ബംഗളൂരു: അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് റിപ്പോർട്ട്. സഖ്യം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ബിജെപി ദേശീയ നേതൃത്വം അടുത്ത ദിവസങ്ങളില്‍ നടത്തുമെന്നാണ് സൂചന. നാല് സീറ്റുകളിലാണ് ധാരണയെന്നാണ് റിപ്പോർട്ടുകൾ. ജെഡിഎസ് നേതാവ് എച്ച്‌ ഡി ദേവഗൗഡ അടുത്തിടെ ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്. സഖ്യം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ബിജെപി ദേശീയ നേതൃത്വം അടുത്ത ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം.

കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരായ ദേശീയതലത്തിൽ നടത്തുന്ന പ്രക്ഷോഭങ്ങളിൽ ജെഡിഎസ് വേണ്ടത്ര സഹകരിക്കുന്നില്ല. ഇന്ത്യ മുന്നണിയുടെ യോഗങ്ങളിലും പങ്കെടുക്കുന്നില്ല. ഇതിനിടയിലാണ് ബിജെപിയുമായി സഖ്യം ഉണ്ടാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജെഡിഎസിന് നാല് ലോക്‌സഭാ സീറ്റുകൾ നൽകാൻ അമിത് ഷാ സമ്മതിച്ചതായും മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പ പറഞ്ഞു. ഇതോടെയാണ് സഖ്യം ഉണ്ടാകുമെന്ന് ഉറപ്പായത്.

മാണ്ഡ്യ, ഹാസൻ, തുമകൂരു, ചിക്കബല്ലാപുര, ബംഗളൂരു റൂറൽ എന്നിങ്ങനെ അഞ്ച് സീറ്റുകളാണ് ജെഡിഎസ് ആവശ്യപ്പെട്ടത്. എന്നാൽ, തുമക്കുരുവും ചിക്കബല്ലാപുരയും വിട്ടുനൽകാനാകില്ലെന്നും ജെഡിഎസ് ആവശ്യപ്പെട്ട മാണ്ഡ്യ, ഹാസൻ, ബംഗളൂരു റൂറൽ എന്നിവക്ക് പുറമെ കോലാർ സീറ്റും നൽകാമെന്നുമാണ് ബിജെപി വാഗ്ദാനം. ഈ നാല് സീറ്റുകളിൽ ജെഡിഎസ് മത്സരിക്കാൻ ബിജെപി നേതൃത്വം സമ്മതിച്ചതായാണ് സൂചന. ഒപ്പം കര്‍ണാടക പ്രതിപക്ഷ നേതൃപദവിയും ജെഡിഎസിന് വിട്ടുകൊടുക്കും.

കർണാടകത്തിൽ ജെഡിഎസ് നാല് സീറ്റില്‍ മത്സരിക്കുമെന്നും ബാക്കിയുള്ള 24 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സഖ്യമുണ്ടാകുമെന്ന കാര്യം സ്ഥിരീകരിച്ചെങ്കിലും സീറ്റുകള്‍ സംബന്ധിച്ച് ധാരണയായെന്ന യെദിയൂരപ്പയുടെ പ്രസ്താവന വ്യക്തിപരമാണെന്നാണ് ജെഡിഎസ് നേതാവും കർണാടക മുന്മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയുടെ പ്രതികരണം.

ബിജെപി സഖ്യവുമായി ചേർന്ന് എത്ര സീറ്റിൽ മത്സരിക്കും എന്ന കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. യെദിയൂരപ്പ പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. രണ്ടോ മൂന്നോ തവണ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നത് ശരിയാണ്. സീറ്റ് വിഭജനത്തിലോ മറ്റു വിഷയങ്ങളിലോ ചര്‍ച്ച നടന്നിട്ടില്ല. ബിജെപിയുമായി ചേര്‍ന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുമ്പാകെ പോകാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. കർണാടകത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അവര്‍ക്ക് ഒരു ബദല്‍ ആവശ്യമാണ്. 2006ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി. അന്ന് മുഖ്യമന്ത്രിയായി 20 മാസം പ്രവര്‍ത്തിച്ചതിലൂടെയാണ് തനിക്ക് നല്ല പേരുണ്ടായതെന്നും കുമാരസ്വാമി പറയുന്നു.

English Summary: JDS supremo H D Devegowda met Narendra Modi in New Delhi to finalise the seat sharing and the confirmation on alliance.