അനധികൃതമായി തോക്ക് കൈവശം വെച്ചു; ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം

യുഎസ് പ്രസിഡന്റ് തെഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ ഹണ്ടര്‍ ബൈഡന്റെ കേസിലെ വിധി നിർണായകമാകും.

0
320

വാഷിങ്ടൺ: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം. 2018ലെ കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഡെലവെയറിൽ യുഎസ് ഡിസ്ട്രിക്ട് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിൽ ഹണ്ടർ ബൈഡനെതിരെ മൂന്നു കേസുകളാണ് ചുമത്തിയിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ മത്സരിക്കാനിരിക്കെയാണ് മകനെതിരെയുള്ള കേസ്.

ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹണ്ടര്‍ ബൈഡനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്യുന്നു. അനധികൃതമായി തോക്ക് കൈവശം വെച്ചതിന് പുറമെ തോക്ക് കൈവശം വയ്ക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്ന വിവരം മറച്ചു വച്ചു, തോക്ക് വാങ്ങുന്ന സമയത്ത് ലഹരി ഉപയോഗിക്കില്ലെന്ന് എഴുതി നൽകി തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഹണ്ടര്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്നയാൾ തോക്ക് കൈവശം വെക്കുന്നത് അമേരിക്കയിൽ കുറ്റകരമാണ്.

ഹണ്ടർ ബൈഡന്റെ സാമ്പത്തിക, ബിസിനസ് ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഡെലവെയറിലെ യുഎസ് അറ്റോർണി ഡേവിഡ് വീസാണ് കുറ്റപത്രം സമർപ്പിച്ചത്. അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കെ മകന്റെ കേസിലെ വിധി ജോ ബൈഡന് തലവേദനയാകും. 2024 ലെ യുഎസ് പ്രസിഡന്റ് തെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരായി മത്സരിക്കുന്ന ജോ ബൈഡന് നിര്‍ണായകമാകും മകന്റെ വിധി. നേരത്തെ നികുതി വെട്ടിപ്പ് കേസിലും ഹണ്ടർ ബൈഡൻ ആരോപണം നേരിട്ടിരുന്നു. പത്ത് ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ട് വര്‍ഷം നികുതി നല്‍കിയില്ലെന്നായിരുന്നു കേസ്. 2017, 18 വര്‍ഷത്തിലായിരുന്നു നികുതി വെട്ടിപ്പ്.

നേരത്തെ, ജോ ബൈഡനെതിരെയുള്ള ഇംപീച്ച്‌മെന്റ്‌ നടപടിയുടെ ഭാഗമായി അന്വേഷണത്തിന് പ്രതിനിധിസഭാ സ്പീക്കറും റിപ്പബ്ലിക്കൻ നേതാവുമായ കെവിൻ മക്കാർത്തി ഉത്തരവിട്ടിരുന്നു. വിദേശസ്ഥാപനങ്ങളുമായുള്ള ബൈഡന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച റിപ്പബ്ലിക്കൻ ആരോപണത്തിൽ അന്വേഷണം നടത്താനാണ്‌ നിർദേശം.

English Summary: The indictment filed on Thursday in US District Court in Delaware.