ഒരാൾക്ക് കൂടി നിപ; ആക്ടീവ് കേസുകളുടെ എണ്ണം നാലായി, ഡോക്ടർക്കും രോഗലക്ഷണം

മലപ്പുറത്ത് നിപ സംശയിച്ച് നിരീക്ഷണത്തിലിരുന്നയാൾക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

0
212

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 39കാരനാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയാണ്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അവിടെനിന്നാകാം വൈറസ് ബാധിച്ചിട്ടുണ്ടാകുക എന്നാണ് നിഗമനം.

അതേസമയം നിപ വൈറസ് സംശയിക്കുന്ന 30 പേരുടെ സാംപിൾ കൂടി പരിശോധനയ്‌ക്കയച്ചു. ഇതിൽ 15പേരും ആരോഗ്യ പ്രവർത്തകരാണ്‌. ഒരു ഡോക്ടർക്ക്‌ രോഗലക്ഷണമുണ്ട്‌. നിപാ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 പേർ ആരോഗ്യ പ്രവർത്തകരാണ്‌. കഴിഞ്ഞദിവസം പരിശോധനയ്‌ക്കായി അയച്ച പതിനൊന്നുപേരുടെയും ഫലം നെഗറ്റീവാണ്‌.

മലപ്പുറത്ത് നിപ സംശയിച്ച് നിരീക്ഷണത്തിലിരുന്ന വ്യക്തിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. മഞ്ചേരിയിൽനിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ച സ്രവസാമ്പിൾ ഫലം നെഗറ്റീവാണെന്ന് വ്യക്തമായി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ 950 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 213 പേർ ഹൈറിസ്‌ക്ക് പട്ടികയിലാണ്.

നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവെക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കോഴിക്കോട്ടെ പൊതുപാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളിലും പ്രവേശനമുണ്ടായിരിക്കില്ല. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി.

നിപ കണ്ടെയിൻമെൻ്റ് സോണിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുമ്പോൾ മാധ്യമപ്രവർത്തകരെയോ മറ്റ് പുറത്തുനിന്നുള്ള വ്യക്തികളേയോ അനുഗമിക്കുവാൻ അനുവദിക്കില്ല. കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംഘം സന്ദർശനം നടത്തുക. കേന്ദ്ര സംഘം നൽകുന്ന വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി മാധ്യമങ്ങൾക്ക് നൽകുന്നതാണെന്നും കോഴിക്കോട് കലക്ടർ അറിയിച്ചു.

English Summary: Nipah outbreak in kozhikode updates.