നിപ മുന്‍കരുതലെടുത്ത് കര്‍ണാടകയും! അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോടേക്ക് യാത്ര ചെയ്താല്‍ മതി! പരിശോധന ശക്തമാക്കി

0
176

ബംഗളൂരു: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലെടുത്ത് അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയും. കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്ലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോട് ജില്ലയിലേക്ക് യാത്ര ചെയ്താല്‍ മതിയെന്നും സംസ്ഥാനത്തെ ചാമരാജ നഗര, മൈസൂര്‍, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളില്‍ പനി നിരീക്ഷണം ശക്തമാക്കാനും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.

കൂടാതെ, നിപ വൈറസിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ ബോധവല്‍ക്കരണപരിപാടികള്‍ നടത്താനും, നിപ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഐസൊലേഷനില്‍ ആക്കാനും പിഎച്ച്‌സി തലത്തില്‍ വരെ പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

മാത്രമല്ല, ഒരു മൃഗഡോക്ടറെ അടക്കം ഉള്‍പ്പെടുത്തി എല്ലാ അതിര്‍ത്തി ജില്ലകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ സൗകര്യത്തോടെ 2 കിടക്കകള്‍, ഒരു ഐസിയു സൗകര്യം എന്നിവ തയ്യാറാക്കി വയ്ക്കാനും പിപിഇ കിറ്റുകള്‍, ഓക്‌സിജന്‍ വിതരണം എന്നിവ അടക്കം വേണ്ട സൗകര്യങ്ങള്‍ കാര്യക്ഷമം ആക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

ആരിലെങ്കിലും നിപ രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യമെങ്കില്‍ സാമ്പിളുകള്‍ ബംഗളൂരു എന്‍ഐവിയിലേക്ക് അയക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.