തൊഴിലിടങ്ങളിലെ പീഡനം; കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി അറേബ്യ

0
99

തൊഴിലിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ.അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 3,00,000 റിയാൽ ( ഇന്ത്യൻ രൂപ ഏകദേശം 66 ലക്ഷത്തിലേറെ) ആണ് ശിക്ഷയായി ലഭിക്കുക. ചില സാഹചര്യങ്ങളില്‍ തടവുശിക്ഷയും പിഴയും ഒരുമിച്ചും ലഭിക്കാം.

പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളില്‍ പീഡനം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിറ്റുകളോട് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പീഡനത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദിയില്‍ സമീപ കാലത്ത് ശക്തമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

ലൈംഗിക പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും പരമാവധി 3,00,000 റിയാല്‍ പിഴയും ശിക്ഷ നല്‍കുന്ന നിയമത്തിന് 2018ല്‍ സൗദി അറേബ്യ അംഗീകാരം നല്‍കിയിരുന്നു. ലൈംഗികാതിക്രമം നേരിടുന്ന വ്യക്തി നിയമപരമായി പരാതി നല്‍കിയില്ലെങ്കിലും ശിക്ഷയില്‍ മാറ്റം വരുത്താനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.