കുടുംബവഴക്ക്; ഗൃഹനാഥൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു

മരുമകളുടെയും ഗൃഹനാഥന്റെയും നില ഗുരുതരമായി തുടരുന്നു.

0
4531
മരിച്ച ടെണ്ടുല്‍ക്കർ, ചിറക്കാക്കോട് ജോജി

തൃശൂർ: കുടുംബവഴക്കിനെതുടർന്ന് ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോജി (38), മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജിയുടെ നില ഗുരുതരമായി തുടരുകയാണ്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോൺസൺ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.

വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസൺ മകനെയും കുടുംബത്തെയും മുറിയിലിട്ട് പൂട്ടിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്തിയത്. കുടുംബ വഴക്കിനെത്തുടർന്നായിരുന്നു കടുംകൈ. ജോൺസൺ തീ കൊളുത്തിയശേഷം മുറി പുറത്തുനിന്നും പൂട്ടി. വെള്ളം ഉപയോഗിച്ച് തീ കെടുത്താതിരിക്കാൻ വീട്ടിലെ പമ്പ് സെറ്റും കേടാക്കി.

വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടുവർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English Summary: Thrissur Man sets fire son and grandson to death.