കനത്ത മഴ; മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി അപകടത്തിൽപ്പെട്ടു, നാലുപേർക്ക് പരിക്ക്

സ്വകാര്യ ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

0
512

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനം റണ്‍വേയില്‍ തെന്നിമാറി. പൈലറ്റ് അടക്കം നാലുപേർക്ക് പരിക്കേറ്റു. പെട്ടന്ന് തീയണയ്ക്കാൻ കഴിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വിശാഖപട്ടണത്തിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. കനത്ത മഴയില്‍ ആഭ്യന്തര വിമാനത്താവളത്തിന്റെ റണ്‍വേ വഴുക്കലുണ്ടായിരുന്നു. ജെറ്റിന്റെ മുൻവശം ആകെ തകർന്ന നിലയിലാണ്.

ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 27 ആം നമ്പർ റൺവേയിലാണ് അപകടമുണ്ടായത്. ഇതേതുടർന്ന് പല വിമാനങ്ങളും ഗോവ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. അപകടത്തിൽ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പൈലറ്റും സഹ പൈലറ്റുമടക്കം നാലുപേരെ ജുഹുവിലെ ക്രിട്ടികെയർ ഏഷ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് വിഎസ്ആര്‍ വെഞ്ചേഴ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലിയര്‍ജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 15 പേരെ വഹിച്ച് യാത്ര ചെയ്യാൻ കഴിയുന്ന സ്വകാര്യ ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും അടക്കം എട്ട് പേർ വിമാനത്തിലുണ്ടായിരുന്നു. കനത്ത മഴയെത്തുടർന്ന് കാഴ്ച കുറവായിരുന്നതിനാലാണ് അപകടം ഉണ്ടായത്. ആളപായം ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അപകടത്തെത്തുടർന്ന് ആഭ്യന്തര ടെർമിനലിൽ നിന്നുള്ള സർവീസുകൾ തടസപ്പെട്ടു. നാല്പതിലേറെ സർവീസുകളാണ് തടസപ്പെട്ടത്. അറിയിപ്പുണ്ടാകുന്നതുവരെ വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിർത്തിവെച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം തുടങ്ങി.

English Summary: Private Jet Veers Off Runway on Landing at Mumbai.