നിപ വൈറസ്; കോഴിക്കോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈൻ ക്ലാസുകള്‍ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളില്‍ മാറ്റമില്ല

0
185

നിപ ജാഗ്രത മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) ഇന്നും നാളെയും (14.09.2023, 15.09.2023) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിര്‍ത്തിവയ്ക്കുവാനും ജില്ലാ കലക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.

കോഴിക്കോട് കളക്ടറുടെ അറിയിപ്പ്

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) വ്യാഴവും വെള്ളിയും (14.09.2023 & 15.09.2023 തീയ്യതികളില്‍) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈൻ ക്ലാസുകള്‍ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളില്‍ മാറ്റമില്ല. കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിര്‍ത്തിവയ്ക്കുവാൻ ജില്ലാ കലക്ടര്‍ എ. ഗീത ഉത്തരവിട്ടു.

അതേസമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ചു ചികില്‍സയില്‍ കഴിയുന്ന യുവാവിൻ്റെ നില മെച്ചപ്പെട്ടതായി അറിയിപ്പുണ്ട്. പനി മാറി, അണുബാധയും കുറഞ്ഞു. എന്നാല്‍ 9 വയസ്സുകാരൻ്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് നിപ്പ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനും നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല.

നേരത്തെ കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകള്‍ 3 ആയി. ആദ്യം മരിച്ച രോഗിയുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടയാളാണ് ഇപ്പോള്‍ നിപ സ്ഥിരീകരിച്ചിട്ടുള്ള വ്യക്തി. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് മേഖലകളും പ്രഖ്യാപിച്ചു. ജില്ലയില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 706 പേരാണ് ഇതുവരെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആശുപത്രിയിലും വീടുകളിലും നിപ ലക്ഷണങ്ങളിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്