കടമക്കുടിയില്‍ കൂട്ട ആത്മഹത്യ; വേട്ടയാടൽ തുടർന്ന് ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍, മോർഫ് ചെയ്ത ഫോട്ടോ വീണ്ടും അയച്ചുവെന്ന് ബന്ധുക്കള്‍

ക്യാഷ് ബസ്, ഹാപ്പി വാലറ്റ് എന്നീ ഓണ്‍ലൈന്‍ വായ്പാ ആപ്പുകൾക്കെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു.

0
313

കൊച്ചി: കടമക്കുടിയില്‍ കൂട്ട ആത്മഹത്യ ചെയ്ത നിജോയുടെ കുടുംബത്തെ സംഭവശേഷവും വേട്ടയാടി ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍. മരിച്ച നിജോയുടെ ഭാര്യ ശില്പയുടെ മോർഫ് ചെയ്ത ഫോട്ടോകള്‍ ഇന്നു രാവിലെയും ഫോണുകളിൽ എത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം അയയ്ക്കുന്നതായി കുടുംബം പറഞ്ഞു. സംഭവത്തിൽ ക്യാഷ് ബസ്, ഹാപ്പി വാലറ്റ് എന്നീ ഓണ്‍ലൈന്‍ വായ്പാ ആപ്പുകൾക്കെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു.

ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവർ ജീവനൊടുക്കിയിരുന്നു. ലോൺ ആപ്പുകളിൽ നിന്നുള്ള നിരന്തര ഭീഷണിയും ശിൽപയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും നാട്ടുകാർക്കും അയച്ചതിന്റെ അപമാനഭാരവും കൊണ്ടാണ് ഇവർ കൂട്ട ആത്മഹത്യയിൽ അഭയം തേടിയതെന്നാണ് പരാതി.

വീണ്ടും ലോൺ ആപ്പുകാർ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച നിജോയുടെയും ശിൽപയുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ജോലിക്കായി ശിൽപ വിദേശത്ത് പോയി വന്നിരുന്നു. ഈ യാത്രയുടെ വിവരങ്ങളും പൊലീസ് പരിശോധിച്ച് വരുകയാണ്. വിദേശ യാത്രയുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നിജോയും ശിൽപയും വായ്പാ ആപ്പുകളില്‍ നിന്ന് നിരന്തര ഭീഷണി നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ നിജോയുടെ അമ്മയുടെയും സഹോദരന്റെയും വിശദമായ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

English Summary: Varapuzha police registered a case against Cash Bus and Happy Wallet.