കുടുംബവഴക്ക്; തൃശൂരിൽ മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി അച്ഛൻ

ആത്മഹത്യക്ക് ശ്രമിച്ച് പിതാവിന്റെ നില ഗുരുതരം.

0
27821

തൃശൂർ: കുടുംബവഴക്കിനെത്തുടർന്ന് മകനെയും മകന്റെ കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകൻ ടെണ്ടുൽക്കർ (12) എന്നിവരെയാണ് ജോജിയുടെ അച്ഛൻ ജോൺസൺ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

ഗുരുതരമായി പൊള്ളലേറ്റ ജോജിയെയും കുടുംബത്തെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇവർ. മുഖത്തും കൈയ്യിലും കാലിലും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിനുശേഷം ജോൺസൺ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ ജോജിയുടെ മുറി പുറത്തുനിന്നും പൂട്ടി മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളിയും ബഹളവും കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് മുറിക്കുള്ളിൽ തീ ആളിപ്പടരുന്നതാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. ജോജിയെയും കുടുംബത്തെയും ഉടൻ ആശുപത്രിയിൽ എത്തിച്ചു. ജോൺസണെ അന്വേഷിക്കുന്നതിനിടയിലാണ് ടെറസിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

ജോൺസന്റെ നിലയും ഗുരുതരമാണ്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

English Summary: Thrissur family issue; Police starts Investigation.