മുംബൈ: വായ്പ അടച്ചുതീർത്താൽ രേഖകൾ 30 ദിവസത്തിനകം തിരിച്ചുനൽകണമെന്ന സുപ്രധാന നിർദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഭവനവായ്പകളില്‍ ഉള്‍പ്പെടെ ഈടായി വച്ച അസൽ രേഖകൾ തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം തിരിച്ചു നല്‍കണമെന്നാണ് ആർബിഐ നിർദേശം. ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വൈകുന്ന ഓരോ ദിവസത്തിനും ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ 5000 രൂപവീതം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നും ആർബിഐ ഉത്തരവിട്ടു.
മാത്രമല്ല, എന്തുകൊണ്ടാണ് വായ്പരേഖകള്‍ തിരികെ നല്‍കാന്‍ വൈകിയതെന്ന് ഉപഭോക്താക്കളെ അറിയിക്കണമെന്നും ആര്‍ബിഐ പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. വായ്പക്കായി ഈട് നല്‍കിയ രേഖകള്‍ നൽകാത്തതിനാൽ തര്‍ക്കങ്ങളും പരാതികളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ പുതിയ നിർദേശം. 2023 ഡിസംബര്‍ 1 മുതലാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക.
വായ്പയെടുത്തയാള്‍ അല്ലെങ്കില്‍ വായ്പയെടുത്തവരില്‍ ഒരാള്‍ മരിച്ചാല്‍ രേഖകള്‍ അവകാശികള്‍ക്ക് തിരിച്ചുനല്‍കുന്നതിന് സ്ഥാപനങ്ങള്‍ കൃത്യമായ നയനടപടികളുണ്ടാക്കണം. ഈടുരേഖകള്‍ തിരികെ നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കണെന്നും മാർഗനിർദേശത്തിലുണ്ട്.
ഈടുനല്‍കിയ വസ്തുക്കളുടെ അസല്‍രേഖകള്‍ വായ്പയുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് ഇടപാടുള്ള ശാഖയില്‍ നിന്നോ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നോ തിരികെ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കണം. ഈടിനായി സമര്‍പ്പിക്കപ്പെട്ട രേഖകള്‍ തിരികെ നല്‍കാനുള്ള സമയപരിധിയും എവിടെനിന്ന് തിരിച്ചുകിട്ടുമെന്നതും വായ്പ അനുവദിക്കുന്ന കരാറില്‍ രേഖപ്പെടുത്തണം.
നിലവില്‍ തിരിച്ചടവ് പൂര്‍ത്തിയായ വായ്പകള്‍ക്കായി ഈടുനല്‍കിയ രേഖകള്‍ തിരിച്ച് നല്‍കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2003മുതല്‍ നിലവിലുള്ളതാണ്. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ഇത് കൃത്യമായി പാലിക്കുന്നില്ല. പല സ്ഥാപനങ്ങളും വ്യത്യസ്ത നടപടിക്രമങ്ങളാണ് നിലവില്‍ പിന്തുടരുന്നത്. ഇത് ഏകീകരിക്കാനും ഉത്തരവാദിത്തത്തോടെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പെരുമാറുന്നുണ്ട് എന്ന് ഉറപ്പാക്കാനുമാണ് പുതിയ നിർദേശമെന്ന് ആര്‍ബിഐ അറിയിച്ചു