ചുഴലിക്കാറ്റും വെള്ളപ്പൊക്കവും; ലിബിയയിൽ മരണം 20,000 കവിഞ്ഞു

കുടിവെള്ളവും ഭക്ഷണവും കിട്ടാതെ പതിനായിരങ്ങൾ.

0
325

ട്രിപ്പോളി: ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ദുരന്തം വിതച്ച ലിബിയയിൽ മരണം ഇരുപതിനായിരം കവിഞ്ഞു. ഒരു മേഖലയൊന്നാകെ പ്രളയത്തില്‍ തകർന്നടിഞ്ഞതിനാൽ കൃത്യമായ മരണസംഖ്യ ഇനിയും പുറത്തുവിട്ടിട്ടില്ല. എത്രപേർ മരിച്ചെവെന്നും എത്രപേരെ കാണാതായി എന്നതും സ്ഥിരീകരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പ്രളയത്തിൽ ഡെർന നഗരം പൂർണമായും കടലിലേക്ക് ഒലിച്ചുപോയി. ഇവിടെ മാത്രം ഏതാണ്ട് ഇരുപതിനായിരം പേരെങ്കിലും മരിച്ചെവെന്നാണ് കണക്കുകൾ. അയ്യായിരത്തിൽ താഴെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ചുഴലിക്കാറ്റിനുപിന്നാലെ ഉണ്ടായ പ്രളയത്തിൽ രണ്ടു അണക്കെട്ടുകൾ തകർന്നാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കെട്ടിടങ്ങളും വാഹനങ്ങളും ആളുകളും അടക്കം കടലിലേക്ക് ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകളുണ്ട്.

മൃതദേഹങ്ങള്‍ പലതും ഇപ്പോഴും തെരുവിലാണ്. മൃതദേഹങ്ങള്‍ കൂട്ടമായാണ് സംസ്‌കരിക്കുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. കടലില്‍ നിന്ന് ഒട്ടേറെ മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞുകൊണ്ടിരിക്കുകയാണ്. മുപ്പത്തിനായിരത്തിലേറെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. കുടിവെള്ളത്തിനും ഭക്ഷണത്തിനും കടുത്ത ക്ഷാമമാണ് ലിബിയയിൽ ഇപ്പോൾ. ഗതാഗത- വാർത്താ വിനിമയ സംവിധാനങ്ങളാകെ താറുമാറായി.

പ്രധാന പാതകളെല്ലാം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. സെപ്റ്റംബര്‍ പത്തോടെയാണ് കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റ് വീശിയടിച്ചത്. തീരദേശ പട്ടണമായ ജബല്‍ അല്‍ അഖ്ദര്‍, ബെന്‍ഗാസ് എന്നീ പ്രദേശങ്ങള്‍ തകർന്നടിഞ്ഞു.

English Summary: Hundreds buried in mass graves Libya reels from devastating flooding.