അമേരിക്കൻ പ്രസിഡന്റ്‌ ജോ ബെെഡനെതിരെ ഇംപീച്ച്‌മെന്റ്‌ നീക്കം

വിദേശസ്ഥാപനങ്ങളുമായുള്ള ബൈഡന്റെ സാമ്പത്തിക ഇടപാടിൽ അന്വേഷണത്തിന് ഉത്തരവ്.

0
272

ജോർജിയ: അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനെതിരെയുള്ള ഇംപീച്ച്‌മെന്റ്‌ നടപടിയുടെ ഭാഗമായി അന്വേഷണത്തിന് ഉത്തരവ്. വിദേശസ്ഥാപനങ്ങളുമായുള്ള ബൈഡന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച റിപ്പബ്ലിക്കൻ ആരോപണത്തിൽ അന്വേഷണം നടത്താനാണ്‌ നിർദേശം. പ്രതിനിധിസഭാ സ്പീക്കറും റിപ്പബ്ലിക്കൻ നേതാവുമായ കെവിൻ മക്കാർത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശസ്ഥാപനങ്ങളുമായുള്ള ബൈഡന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച റിപ്പബ്ലിക്കൻ ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മക്കാർത്തിയുടെ നിർദേശം.

റിപ്പബ്ലിക്കൻ അംഗങ്ങൾ ഉൾപ്പെടുന്ന കോൺഗ്രസ്‌ കമ്മിറ്റി വിഷയം നേരത്തേ അന്വേഷിച്ചിരുന്നു. ബൈഡൻ വൈസ്‌ പ്രസിഡന്റായിരിക്കെ, മകൻ ഹണ്ടർ നടത്തിയ സാമ്പത്തിക ഇടപാടുകളാണ്‌ പരിശോധിച്ചത്‌. ഇതിൽ ജോ ബൈഡൻ ക്രമക്കേട്‌ നടത്തിയതായി കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇതിലെ ചില പരാമർശങ്ങൾ അഴിമതിയായി കണക്കാക്കാമെന്നാണ്‌ മക്കാർത്തിയുടെ വാദം.

2024ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായാണ്‌ ബൈഡനെതിരെയുള്ള നീക്കമെന്ന്‌ ഡമോക്രാറ്റിക്‌ പാർടി ആരോപിക്കുന്നു. പ്രതിനിധിസഭയിൽ ഡമോക്രാറ്റുകൾക്ക്‌ മുൻതൂക്കമുണ്ടായിരുന്നപ്പോൾ 2019ലും 2021ലും അന്നത്തെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ ഇംപീച്ച്‌ ചെയ്തിരുന്നു. രണ്ടുവട്ടവും സെനറ്റാണ്‌ ട്രംപിനെ രക്ഷിച്ചത്‌. 2020ൽ തെരഞ്ഞെടുപ്പിൽ ജയിച്ച ബൈഡനും തോറ്റ ട്രംപും അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലും നേർക്കുനേർ നിൽക്കുന്ന സ്ഥിതിയാണ്‌.

English Summary: McCarthy directs the House to open an inquiry into Biden.