ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെ സുനില്‍ ഛേത്രി നയിക്കും. മലയാളികളായ കെ പി രാഹുൽ, അബ്ദുള്‍ റബീഹ് അഞ്ചുകണ്ടൻ എന്നിവർ ടീമിലുണ്ട്. 22 അംഗ ടീം ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, ടീമിൽ ഉൾപ്പെട്ട 13 താരങ്ങളെ ഐഎസ്‌എൽ ക്ലബ്ബുകൾ വിട്ടുകൊടുക്കാത്തതിനെത്തുടർന്ന് 17 അംഗ ടീമായി വെട്ടിച്ചുരുക്കുകയായിരുന്നു.
സുനിൽ ഛേത്രി അടക്കം ഒമ്പത് കളിക്കാർ മാത്രമാണ് ആദ്യം ടീമിലുണ്ടായിരുന്നവർ. എട്ടുപേരെ പുതുതായി ഉൾപ്പെടുത്തി. രണ്ടുകളിക്കാരെ ഐ ലീഗ് ക്ലബ്ബുകളിൽനിന്ന് എടുത്തു.
അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ ചൈനയിലെ ഹാങ്ഷുവിലാണ് ഏഷ്യന്‍ ഗെയിംസ്. 19ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ചൈനയെയാണ് ആദ്യം നേരിടുക.
പുതിയ ഐഎസ്‌എൽ സീസൺ 21ന് തുടങ്ങുന്നതിനാൽ ദേശീയ ടീമിലേക്ക് കളിക്കാരെ വിട്ടുനൽകില്ലെന്നായിരുന്നു ക്ലബ്ബുകൾ പറഞ്ഞത്. പിന്നീട് പേരിനും വേണ്ടി വിട്ടുകൊടുത്താണ് ക്ലബ്ബുകൾ ഒത്തുതീർപ്പിനു ആയി തയ്യാറായത്. ഇതിനായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പലതവണയായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.സെപ്‌തംബർ 19ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിനായി ചൈനയിലേക്ക് പുറപ്പെടാൻ രണ്ടുദിവസം ബാക്കിയിരിക്കെയാണ് തീരുമാനം ഉണ്ടായത്.
ഏറെ സമ്മർദങ്ങൾക്കുശേഷമായിരുന്നു ഫുട്‌ബോൾ ടീമിന്റെ ഏഷ്യൻ ഗെയിംസ് പങ്കാളിത്തം ഉറപ്പിച്ചത്. ക്യാപ്‌റ്റൻ സുനിൽ ഛേത്രിയെ വിട്ടുനൽകാൻ ബംഗളൂരു തയ്യാറായി. കായികമന്ത്രാലയത്തിന്റെ നയപ്രകാരം ഏഷ്യയിലെ ആദ്യ എട്ട് റാങ്കിലുള്ള ടീമുകളെ അയക്കാനാണ് തീരുമാനം. ഫുട്‌ബോൾ ടീം ഇതിൽ ഉൾപ്പെടില്ല.
ഇന്ത്യൻ ടീം.
സുനിൽ ഛേത്രി(ക്യാപ്റ്റൻ), ഗുർമീത് സിങ്, ധീരജ് സിങ്, സുമിത് റാത്തി, നരേന്ദർ ഗഹ്‌ലോട്ട്, അമർജിത് സിങ്, സാമുവൽ ജയിംസ്, കെ പി രാഹുൽ, അബ്‌ദുൽ റബീഹ്, ആയുഷ് ദേവ്‌ഛേത്രി, ബ്രൈസ് മിറാൻഡ, അസ്‌ഫർ നൂറാനി, റഹീം അലി, വിൻസി ബരേറ്റോ, രോഹിത് ദനു, ഗുർകിരത് സിങ്, അനികേത് ജാദവ്.
English Summary: Sunil Chhetri will lead the Indian team.