മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

കേരളത്തിലെ കോ-ലീ-ബി അവിശുദ്ധമുന്നണിയുടെ സൂത്രധാരനായിരുന്നു മുകുന്ദൻ.

0
104

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ബുധനാഴ്ച രാവിലെ 8.10 നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ആദ്യം തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്.

10.30ന് ആർഎസ്എസ് കൊച്ചി ഓഫീസിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ടുമണിയോടെ സ്വദേശമായ കൊട്ടിയൂരിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരകര്‍മ്മങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് നടക്കും.

ബിജെപിയുടെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും അധികാര കേന്ദ്രമായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥക്ക് ശേഷമാണ് മുകുന്ദൻ കേരളത്തിൽ സജീവമായത്. 1980,1990 കാലത്ത് സംസ്ഥാനത്ത് ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു മുകുന്ദന്‍. ജനസംഘകാലം മുതൽ കേരളത്തിലെ സംഘപരിവാറിന്റെ മുഖമായി അറിയപ്പെട്ടു.

ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ അദ്ദേഹം ആർഎസ്എസിലൂടെയാണ് കേരളത്തിൽ ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയർന്നത്. ഏറെ വിമർശനം ഉയർന്ന കോ-ലീ-ബി അവിശുദ്ധമുന്നണിയുടെ സൂത്രധാരന്മാരിൽ ഒരാളാണ്. ബേപ്പൂരിലും വടകരയിലും കോ-ലീ-ബി പരീക്ഷണങ്ങളടക്കം നടത്തി. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല.

2006-ല്‍ പുറത്താക്കിയത്തോടെ ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നു. 2016-ല്‍ വീണ്ടും അംഗത്വം നൽകിയെങ്കിലും ബിജെപിയിലെ വിമത മുഖമായി അദ്ദേഹം മാറി. ബിജെപി സംസ്ഥാന നേതാക്കളുടെ കണ്ണിലെ കരടായി മാറി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിജെപിയിൽ നടക്കുന്നത് അധികാരത്തിനും സ്ഥാനമാനത്തിനും വേണ്ടിയുള്ള വടംവലിയാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരുടെ നിലപാടുകൾക്കെതിരെ ചികിത്സയിലാകുന്നതിനു തൊട്ടുമുമ്പുവരെ മുകുന്ദൻ പ്രതികരിച്ചിരുന്നു.

കണ്ണൂർ കൊട്ടിയൂരിൽ കൃഷ്ണന്‍നായര്‍- കല്യാണിയമ്മ ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1988 മുതല്‍ 95 വരെ ജന്മഭൂമി മാനേജിംങ് ഡയറക്ടറായി. കേരള ബിജെപിയുടെ സംഘടനാ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതല്‍ 2007-വരെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായി. 2005 മുതല്‍ 2007-വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ക്ഷേത്രീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ചുമതലയും വഹിച്ചു.

പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

അരനൂറ്റാണ്ടിലേറെക്കാലമായി നിസ്വാർത്ഥവും പ്രശംസനീയവുമായ സേവനസന്നദ്ധ പ്രവർത്തനങ്ങളിലൂടെ പി പി മുകുന്ദൻ മങ്ങാത്ത സ്ഥാനം നേടിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സ്നേഹവും സൗഹൃദവും ഏവർക്കും പകർന്നു. പ്രതിസന്ധികൾക്കുമുന്നിൽ പതറിയില്ല. വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിട്ടുവെന്നും കുമ്മനം അനുസ്മരിച്ചു.

English Summary: P P Mukundan; Dissident in BJP.