രാജസ്ഥാനിൽ ട്രക്ക് ബസിൽ ഇടിച്ചുകയറി 11 പേർ മരിച്ചു; 15 പേർക്ക് പരിക്ക്

ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു ബസ്.

0
125

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിൽ ഇടിച്ചുകയറി 11 പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ നാലരയോടെ ജയ്പൂർ-ആഗ്ര ദേശീയപാതയിൽ അൻത്രയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ച പതിനൊന്നുപേരേയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

ഗുജറാത്തിലെ ഭാവ് നഗറിലെ ദിഹോർ സ്വദേശികളായ ലാൽജി, ഭാര്യ മധുബെൻ, അന്തു, നന്ദ്‌റാം, ലല്ലു, ഭരത്, അംബാബെൻ, കംബുബെൻ, രാമുബെൻ, അഞ്ജുബെൻ, അരവിന്ദ് എന്നയാളുടെ ഭാര്യ മധുബെൻ എന്നിവരാണ് മരിച്ചതെന്ന് ‘ഇന്ത്യ ടിവി’ റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു ബസ്. യാത്രാമധ്യേ ലഖൻപൂർ ഏരിയയിലെ അൻത്ര മേൽപ്പാലത്തിൽ നിർത്തിയപ്പോൾ ട്രക്ക് പിന്നിൽ നിന്നും ഇടിച്ചുകയറുകയായിരുന്നു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും തൽക്ഷണം മരിച്ചു. പരിക്കേറ്റ 15 പേരെയും ആർ ബി എം ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

ഭരത്പൂരിലെ വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ചികിസസഹായവും പ്രഖ്യാപിച്ചു.

English Summary: The bus had halted at Antra flyover in Jaipur – Agra Highway.