‘പൊലീസ് നൽകുന്ന വിവരം മാധ്യമ വിചാരണയില്‍ കലാശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം’; ക്രൈം റിപ്പോര്‍ട്ടിങ്ങിന് മാര്‍ഗരേഖ വേണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

കുറ്റാരോപിതനെതിരായ പരിധി വിട്ടുള്ള മാധ്യമ വാര്‍ത്തകള്‍ അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു.

0
201

ന്യൂഡൽഹി: ക്രൈം റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ വേണമെന്ന് സുപ്രീംകോടതി. മൂന്ന് മാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സംസ്ഥാന ഡി ജി പിമാർ തങ്ങളുടെ നിർദേശങ്ങൾ ഒരു മാസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കണം. ഇവ കണക്കിലെടുത്തുള്ള സമഗ്ര മാർഗനിർദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്ന് മാസത്തിനകം തയ്യാറാക്കേണ്ടത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാർശകളും ഇതിനൊപ്പം പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചതായി ‘ലൈവ് ലോ’ റിപ്പോർട്ട് ചെയ്തു.

അച്ചടി, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളിലെ ക്രൈം റിപ്പോര്‍ട്ടിങ് സംബന്ധിച്ചാണ് കോടതി നിര്‍ദേശം. പൊലീസ് നല്‍കുന്ന വിവരം മാധ്യമ വിചാരണയില്‍ കലാശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി എടുത്തുപറഞ്ഞു. കുറ്റാരോപിതനെതിരായ പരിധി വിട്ടുള്ള മാധ്യമ വാര്‍ത്തകള്‍ അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു.

പക്ഷപാതപരമായ റിപ്പോര്‍ട്ടിങ് കുറ്റാരോപിതന്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന സംശയം ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്നു. ഇരകളുടെ സ്വകാര്യതയും മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്ന് കോടതി പറഞ്ഞു. ഓരോ കേസിലെയും വെളിപ്പെടുത്തലുകളുടെ സ്വഭാവം ഏകീകൃതമായിരിക്കില്ല. അത് കുറ്റകൃത്യത്തിന്റെ സ്വഭാവം, ഇരകള്‍, പ്രതികള്‍, സാക്ഷികള്‍ തുടങ്ങിയവ അനുസരിച്ച് വ്യത്യസ്തമാകും. എല്ലാ കേസുകളിലും പൊലീസിന്റെ വെളിപ്പെടുത്തലിന്റെ സ്വഭാവം ഏകീകൃതമാക്കാൻ കഴിയില്ലന്ന് അംഗീകരിക്കുമ്പോഴും ഇരയുടെയും കുറ്റാരോപിതന്റെയും പ്രായം, ലിംഗം തുടങ്ങിയവയ്‌ക്ക്‌ പ്രാധാന്യമുണ്ടെന്നും ഉത്തരവിൽ ഓർമിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മാധ്യമ വിചാരണ നടത്തുന്നത്‌ അനുവദിക്കാനാകില്ലെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ വ്യക്തമാക്കി.

അന്വേഷണം പുരോഗമിക്കുന്ന കേസുകളില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ പോലീസ് പിന്തുടരുന്ന രീതികളെ സംബന്ധിച്ച് 2017ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഏറ്റുമുട്ടലുകൾ ഉണ്ടായാൽ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ, ക്രിമിനൽ കേസ് അന്വേഷണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പോലീസ് പാലിക്കേണ്ട പ്രോട്ടോക്കോളുകൾ എന്നിവയാണ് മുഖ്യമായും പരിഗണിച്ചത്. ഈ ഘട്ടത്തിലാണ് മാധ്യമ വിചാരണയെ സുപ്രീംകോടതി തുറന്നെതിർത്തത്‌.

ഇലക്ട്രോണിക് മാധ്യമങ്ങള്‍ വര്‍ധിച്ച് വരുന്ന കാലഘട്ടത്തില്‍ ഈ വിഷയം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ് എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അന്വേഷണത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. ഇതുള്‍പ്പെടെ പൊതു താല്‍പര്യത്തെക്കുറിച്ചുള്ള വിവിധതലങ്ങള്‍ ഈ വിഷയത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2010 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നതാണ്. അച്ചടി മാധ്യങ്ങൾക്ക്‌ പുറമേ ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ തോത്‌ ഗണ്യമായി വർധിച്ചതിനാൽ ഒരു പതിറ്റാണ്ട്‌ മുമ്പ്‌ നിലവിൽ വന്ന മാർഗനിർദേശത്തിൽ കാതലായ പരിഷ്‌ക്കാരം വേണം. അച്ചടി മാധ്യമങ്ങളിൽ മാത്രമല്ല, ദൃശ്യമാധ്യമങ്ങളിലും കാര്യമായ മാറ്റങ്ങള്‍ കൈവന്നിട്ടുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാന്നിധ്യം വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സന്തുലിതമായ മാര്‍ഗനിര്‍ദേശം അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിഷയത്തിൽ സുപ്രീംകോടതി നേരത്തെ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനെ അമിക്കസ്ക്യൂറിയായി നിയമിച്ചിരുന്നു. ജനുവരി രണ്ടാം വാരം വീണ്ടും വിഷയം പരിഗണിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കുന്ന മാർഗനിർദേശങ്ങളുടെ പകർപ്പ് അമിക്കസ്ക്യൂറി ഗോപാല്‍ ശങ്കരനാരായണനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ കോൺസൽ ശോഭ ഗുപ്തക്കും നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

English Summary: Supreme Court Directs MHA To Prepare Comprehensive Manual for Crime Reporting.