ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കണമെന്ന് ഹര്‍ജി; ആവശ്യം തള്ളി ഹൈക്കോടതി

ക്ഷേത്രങ്ങള്‍ ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണെന്ന് കോടതി.

0
14369

കൊച്ചി: ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്ഷേത്രങ്ങള്‍ ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ്. ഇവിടങ്ങളില്‍ വിശുദ്ധിയും ബഹുമാനവും പരമപ്രധാനമാണ്. ഇത്തരം വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ട് തകര്‍ക്കാനാവില്ല. ക്ഷേത്രാചാരങ്ങള്‍ നടത്താനുള്ള നിയമപരമായ അധികാരമല്ലാതെ പതാകകളോ കൊടി തോരണങ്ങളോ സ്ഥാപിക്കാന്‍ അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ നിരീക്ഷിച്ചു.

കൊല്ലം മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കാവിക്കൊടി സ്ഥാപിക്കുന്നത് തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇത് ക്ഷേത്രത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. ഹര്‍ജിക്കാരിലൊരാള്‍ പല കേസുകളിലും പ്രതിയാണ്. കൂടാതെ ക്ഷേത്ര ഭരണസമിതി ബാനറും പതാകകളും കാണിക്ക വഞ്ചിക്ക് 100 മീറ്റര്‍ പരിസരത്ത് പാടില്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു.
ഇത്തരം പതാകകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി തന്നെ നേരത്തെ നിർദ്ദേശിച്ചതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും നിയമപരമായ ആരാധന മാത്രമേ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ശാര്‍ക്കര ദേവി ക്ഷേത്രപരിസരത്തെ ആർഎസ്എസിന്റെ ആൾക്കൂട്ട – ആയുധ പരീശീലനം വിലക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

English Summary: Temples are beacons of spirituality, the Court said.