കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു; രോഗ ബാധ ആരോഗ്യ പ്രവര്‍ത്തകന്

ഏഴു സാംപിളുകള്‍ ഇതുവരെ പരിശോധനക്കയച്ചു.

0
143

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ആദ്യം നിപ സ്ഥിരീകരിച്ച് മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ആരോഗ്യപ്രവര്‍ത്തകന്‍. മരിച്ച വ്യക്തി ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. മൂന്ന് പേര്‍ക്കാണ് ഇതുവരെ നിപ സ്ഥിരീകരിച്ചത്.

കോഴിക്കോട് രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ രോഗലക്ഷണം ഉള്ളതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് പരിശോധനക്ക് അയച്ചു. നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്.

അതിനിടെ, കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ മറ്റു ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഇതുകൂടാതെയാണ് സംസ്ഥാനതല ഏകോപനത്തിനായി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. 0471 2302160 നമ്പരില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ വിളിക്കാവുന്നതാണ്. സംശയ നിവാരണത്തിന് ദിശ ടോള്‍ഫ്രീ നമ്പറുകളായ 1056, 104, 0471 2552056 എന്നിവയില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Seven samples have been sent for testing so far.