കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിലെ ലാബുകളിൽ എന്തുകൊണ്ട് പരിശോധന നടത്തുന്നില്ല എന്നാണ് പരക്കെയുയരുന്ന ചോദ്യം. ഒരു വിഭാഗം മാധ്യമങ്ങളും ചില നിരീക്ഷകരും ഒക്കെ വസ്തുത മറച്ചുവെച്ച് വിഷയത്തെ വക്രീകരിക്കാൻ ശ്രമിക്കുന്നുമുണ്ട്. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി, കോഴിക്കോട് റീജിയണല്‍ വിആർഡി ലാബ്, ആലപ്പുഴ എന്‍ഐവി കേരള എന്നിവ ഉണ്ടായിട്ടും എന്തുകൊണ്ട് സ്ഥിരീകരണത്തിനായി പുണെയിലേക്ക് സാംപിൾ അയച്ചുവെന്നാണ് ചോദ്യം. കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിപാ പരിശോധിക്കാനാകില്ലെന്നും വാഗ്ദാനങ്ങൾ പാളിയെന്നുമൊക്കെ പ്രചാരണം കൊഴുക്കുന്നുമുണ്ട്.
വസ്തുത
കേരളത്തില്‍ തിരുവനന്തപരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും നിപ വൈറസ് പരിശോധിക്കാന്‍ സുസജ്ജമാണ്. കോഴിക്കോട് റീജിയണല്‍ വിആർഡി ലാബിലും ആലപ്പുഴ എന്‍ഐവി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കും. കേരളത്തിൽ നിപാ പരിശോധനയ്ക്ക് എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. അതിനാവശ്യമായ സംവിധാനങ്ങളും എല്ലാ സൗകര്യങ്ങളും തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് റീജണൽ ഐഡിവിആർഎൽ ലാബിലും ആലപ്പുഴ എൻഐവിയിലും ഉണ്ട്. എന്നാൽ, കേന്ദ്ര പ്രോട്ടോകോളാണ് കേരളത്തിൽ രോഗ സ്ഥിരീകരണത്തിന് തടസമാകുന്നത്. അതായത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശം പാലിച്ചുമാത്രമേ ഇത്തരം വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനും അന്തിമ നടപടി സ്വീകരിക്കാനും കഴിയുകയുള്ളു.
അത്യന്തം അപകടകരമായ വൈറസായതിനാല്‍ ഒരിടവേളയ്ക്ക് ശേഷം ഇത്തരം വൈറസുകളുടെ പൊട്ടിപ്പുറപ്പെടൽ (ഔട്ട്‌ബ്രേക്ക്) ഉണ്ടാകുകയായോ വാരിയക്കോ ആണെങ്കിൽ സംസ്ഥാന ലാബുകളിൽ പരിശോധിച്ചാലും പുണെയിലെ എന്‍ഐവിയിൽ (നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) നിന്നുള്ള സ്ഥിരീകരണം വന്നതിനുശേഷം മാത്രമേ പ്രഖ്യാപിക്കാൻ പാടുള്ളു. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ നിപ പോലുള്ള അത്യന്തം അപകടകരമായ വൈറസുകളായതിനാൽ പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള സ്ഥിരീകരണം മാത്രമേ ഔദ്യോഗികമായി കണക്കാക്കുകയുള്ളു. അതിനുമാത്രമേ അംഗീകൃതമായി കാണാൻ കഴിയുകയുള്ളുവെന്നാണ് ഐസിഎംആറിന്റെ മാർഗനിർദേശം. ഈ നിർദേശം നിലനിൽക്കുന്നതിനാൽ കേരളത്തിലെന്നല്ല രാജ്യത്ത് മറ്റെവിടെയും നിപാ രോഗം സ്ഥിരീകരിക്കാനാകില്ല. ഇങ്ങനെ പുണെയിലെ ഫലം വന്നശേഷമേ സംസ്ഥാനത്തെ ലാബുകളിലെ ഫലം പോലും പുറത്തുവിടാൻ കഴിയുകയുള്ളു.
കേരളത്തിന്റെ മാത്രം കാര്യമല്ല ഇത്. കർണാടകത്തിലായാലും തമിഴ്നാട്ടിലായാലും ഇനി ഉത്തർപ്രദേശിലായാലും പുണെയിലെ എന്‍ഐവിയിൽ നിന്നുള്ള സ്ഥിരീകരണം വന്നതിനുശേഷം മാത്രമേ ഇത്തരം അപകടകാരിയായ വൈറസുകളുടെ സ്ഥിരീകരണം നടത്താൻ പാടുള്ളു. പ്രഖ്യാപിക്കാൻ പാടുള്ളു. ഇതുകാരണം സാംപിൾ അയച്ച് ഒരു ദിവസം മുഴുവൻ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും. സാംപിൾ ലഭ്യമായി 12 മണിക്കൂറിൽ ഫലം ലഭ്യമാക്കാൻ കേരളത്തിൽ സ്ഥാപനങ്ങൾ ഉണ്ടായിരിക്കെയാണ് കേന്ദ്ര മാർഗ നിർദേശം വില്ലനാകുന്നത്.
ഐസിഎംആറിന്റെ മാർഗനിർദേശമനുസരിച്ച് നിപ ഒരിടവേളയ്ക്ക് ശേഷമുള്ള രോഗബാധ പുണെ എൻഐവിയിൽ സ്ഥിരീകരിച്ചേ പ്രഖ്യാപിക്കാനാവൂ. തുടർന്നുള്ള കേസുകളിൽ ഇവിടത്തെ ലാബുകളിൽ തന്നെ സ്ഥിരീകരിച്ച് രോഗബാധ നിർണയിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
ഇനി കോഴിക്കോട്ടെ കാര്യം. കേരളത്തിലെ ലാബിൽ പരിശോധിച്ച് പോസറ്റിവ് ആണെന്ന് കണ്ടാണ് പുണെയിലേക്ക് സാംപിൾ അയച്ചത്. ബ്രേക്ക്ത്രൂ വന്നാൽ ഇന്ത്യൻ പ്രോട്ടോകോൾ അനുസരിച്ച് പൂനെ ലാബാണു ഇത് പ്രഖ്യാപിക്കേണ്ടത് എന്നാണ് നടപടിക്രമം. മറ്റൊന്ന് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് 1952ല്‍ നെഹ്‌റുവിന്റെ കാലത്ത് വന്നതാണ്. കേരളത്തിൽ 2018ല്‍ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ലാബ് സ്ഥാപിച്ചത്. പുണെയിലെ ലാബിലേക്ക് സാംപിൾ അയക്കുക വഴി കേരളത്തിലെ ആരോഗ്യവകുപ്പ് ഇത്തരം സാഹചര്യങ്ങളെ എത്ര ഗൗരവത്തോടെയാണ് കാണുന്നത് എന്നതിന്റെ തെളിവ് കൂടിയാണ്.
English Summary: IAV Kerala is also well equipped to test for Nipah virus.