നിപാ വൈറസ്: സമ്പർക്ക പട്ടികയിൽ 702 പേർ; മരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

47 വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ

0
150

കോഴിക്കോട്‌: ജില്ലയിൽ നിപാ വൈറസ് സ്ഥിരീകരിച്ച മൂന്ന്‌ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി ഇതുവരെ കണ്ടെത്തിയത്‌ 702 പേരെ. 30ന്‌ മരണമടഞ്ഞ മരുതോങ്കര സ്വദേശി മുഹമ്മദിന്റെ സമ്പർക്ക പട്ടികയിൽ 371 പേരുണ്ട്‌. ആയഞ്ചേരി മംഗലാട്‌ സ്വദേശി ഹാരിസിന്റെ സമ്പർക്കപട്ടികയിൽ 281 പേരാണുള്ളത്‌. സ്വകാര്യ ആശുപത്രയിൽ വെന്റിലേറ്ററിലുള്ള കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്‌. നിപാ സ്ഥിരീകരിച്ചവ ഉൾപ്പെടെ ഏഴു സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പരിശോധനാ ഫലം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ്‌ ജില്ലയിൽ സജ്ജമാക്കുന്നുണ്ട്‌.

രോഗം ബാധിച്ച് ആദ്യം മരിച്ച രണ്ടു പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആ‍യഞ്ചേരി മംഗലാട്ട് ഹാരിസ് (40) എന്നിവരുടെ റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവർ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

കോണ്ടാക്ട് ട്രെയ്സിങ്, ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങള്‍, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗണ്‍സിലിംഗ്, മീഡിയ ഏകോപനം എന്നിവ കണ്‍ട്രോള്‍ സെല്ലില്‍ സജ്ജമാക്കി. നിലവിലെ സ്ഥിതിഗതികള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച 19 കോര്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളും കണ്‍ട്രോള്‍ റൂമില്‍ അവലോകനം ചെയ്യുന്നു. ഇതുവരെ 250 ലധികം ആളുകളാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടത്. രോഗലക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ സംബന്ധിച്ച വിവരങ്ങള്‍, സെല്‍ഫ് റിപ്പോര്‍ട്ടിങ് എന്നിവയാണ് പ്രധാനമായും ആളുകള്‍ അന്വേഷിക്കുന്നത്.

കണ്‍ട്രോള്‍ റൂമിലെ കോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോൺ നമ്പറുകൾ. 0495- 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100.