നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ്

ഏഴു പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

0
140

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയില്‍ കണ്ടെത്തി. ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചത്. മെഡിക്കല്‍ കോളജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പുണെയിലേക്ക് അയക്കില്ല.

ജില്ലയില്‍ രണ്ടുപേര്‍ മരിച്ചത് നിപ വൈറസിനെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്ന് അന്വേഷിച്ചുവരികയാണ്. മരിച്ച രണ്ടുപേരും രണ്ടുമാസത്തെ ഇടവേളകളില്‍ ഗള്‍ഫില്‍നിന്ന് നാട്ടില്‍ വന്നവരാണ്. വിദേശത്തുനിന്നാണോ ഇവർക്ക് വൈറസ് ബാധയേറ്റത് എന്നതിൽ ഉറപ്പില്ല. ആദ്യം മരിച്ച മരുതോങ്കര സ്വദേശിക്ക് സ്വന്തമായി തോട്ടവും കൃഷിഭൂമിയുമുണ്ട്. ഇവിടം വവ്വാലിന്റെ ആവാസകേന്ദ്രമാണോ എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ആരോഗ്യവകുപ്പും വനം- മൃഗസംരക്ഷണവകുപ്പുകളും പഠനം തുടങ്ങി. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏഴു പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 15 വാര്‍ഡുകളും മരുതോങ്കര പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടും. കുറ്റ്യാടി പഞ്ചായത്ത് (3,4,5,6,7,8,9,10 വാര്‍ഡുകള്‍), തിരുവള്ളൂര്‍ പഞ്ചായത്ത് (1,2,20 വാര്‍ഡുകള്‍), കായക്കൊടി പഞ്ചായത്ത് (5,6,7,8,9 വാര്‍ഡുകള്‍), വില്യാപ്പള്ളി പഞ്ചായത്ത് (6,7 വാര്‍ഡുകള്‍), കാവിലുംപാറ പഞ്ചായത്ത് (2,10,11,12,13,14,15,16 വാര്‍ഡുകള്‍) എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകൾ.

ഈ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് കോഴിക്കോട് കളക്ടർ എ ഗീത അറിയിച്ചു. ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ ബാക്കിയെല്ലാം അടച്ചിടണം. ഈ കടകൾ രാവിലെ ഏഴു മുതല്‍ അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാവൂവെന്നും കലക്ടര്‍ അറിയിച്ചു. മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് സമയപരിധി ബാധകമല്ല.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും ഉത്തരവിലുണ്ട്.
ഇതുവഴി യാത്ര ചെയ്യുന്നവർ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താനോ ഇറങ്ങാനോ പാടില്ല. കണ്ടെയ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ സാമൂഹിക അകലവും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

English Summary: Nipah; 7 panchayats have been declared as containment zones.