തിരുവനന്തപുരം: കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളില്‍ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാൻ സംവിധാനം ഒരുക്കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതുസംബന്ധിച്ച് മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാനവാസ് നിര്‍ദേശം നല്‍കി.
സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സെന്ററുകളിലെയും കണ്ടെയ്ന്‍മെന്റ് സോണിലെ പരീക്ഷാര്‍ഥികളുടെയും പരീക്ഷകള്‍ പിന്നീട് നടത്തും. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ഏഴു പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 15 വാര്‍ഡുകളും മരുതോങ്കര പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടും. കുറ്റ്യാടി പഞ്ചായത്ത് (3,4,5,6,7,8,9,10 വാര്‍ഡുകള്‍), തിരുവള്ളൂര്‍ പഞ്ചായത്ത് (1,2,20 വാര്‍ഡുകള്‍), കായക്കൊടി പഞ്ചായത്ത് (5,6,7,8,9 വാര്‍ഡുകള്‍), വില്യാപ്പള്ളി പഞ്ചായത്ത് (6,7 വാര്‍ഡുകള്‍), കാവിലുംപാറ പഞ്ചായത്ത് (2,10,11,12,13,14,15,16 വാര്‍ഡുകള്‍) എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകൾ. ഇവിടങ്ങയിലെ വിദ്യാർത്ഥികൾക്കാണ് വീട്ടിലിരുന്ന് ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി നിർദ്ദേശിച്ചത്.
English Summary: 10th Equivalency exam in Containment Zone will be conducted later.