ചുഴലിക്കാറ്റിന് പിന്നാലെ പ്രളയം; ലിബിയയിൽ അണക്കെട്ട് തകർന്നു 5300 മരണം, 10,000 പേരെ കാണാതായി

ഡെര്‍ന നഗരത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായി കടലിലേക്ക് ഒലിച്ചുപോയി.

0
357

ട്രിപ്പോളി: ഡാനിയല്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ലിബിയയിൽ മരിച്ചവരുടെ എണ്ണം 5300 കടന്നു. ഇതുവരെ ചുരുങ്ങിയത് പതിനായിരത്തിലേറെ ആളുകളെ കാണാതായി. ഡെർന നഗരം പൂർണമായും കടലിലേക്ക് ഒലിച്ചുപോയി. ചുഴലിക്കാറ്റിനുപിന്നാലെ ഉണ്ടായ പ്രളയത്തിൽ രണ്ടു അണക്കെട്ടുകൾ തകര്‍ന്നതോടെയാണ് വൻദുരന്തമുണ്ടായത്.

ഡെർനയില്‍ 2300 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോർട്ട്‌. എന്നാൽ, മരണം 5300 കടന്നതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. മരണസംഖ്യ കുത്തനെ കൂടുമെന്ന് അന്താരാഷ്ട്ര റെഡ്‌ ക്രോസ്‌ ഫെഡറേഷനിലെ ലിബിയൻ സ്ഥാനപതി താമെർ റമദാൻ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡെർനയില്‍ അണക്കെട്ടുകൾ തകർന്നത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്‌മാരി പറഞ്ഞു. ആളുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയായിരുന്നു എന്ന് സേനാ വക്താവ് വിശദീകരിച്ചു. ഡെർനയില്‍ മാത്രം 6000 പേരെ കാണാതായി.

ഡാനിയല്‍ ചുഴലിക്കാറ്റിനു പിന്നാലെയാണ് ലിബിയയില്‍ പ്രളയമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് കിഴക്കൻ ലിബിയയെ ചുഴലിക്കാറ്റ് ദുരന്തഭൂമിയാക്കിയത്. ശക്തമായ പേമാരിയിൽ വെള്ളം കുത്തിയൊലിച്ചതോടെ രണ്ട്‌ അണക്കെട്ടുകൾ തകർന്നു. മണിക്കൂറിനകം നഗരം വെള്ളത്തിലായി. ചില പ്രദേശങ്ങൾ അപ്പാടെ ഒഴുകിപ്പോയി. ജനവാസകേന്ദ്രങ്ങളായിരുന്ന ഇടങ്ങളിൽ ഇപ്പോൾ ചെളിക്കൂമ്പാരം മാത്രമാണ്‌ അവശേഷിക്കുന്നത്‌. ഒഴുകിപ്പോയ കാറുകൾ ഒന്നിനുമേലെ ഒന്നായി കുന്നുകൂടി കിടക്കുന്നു.

ദുരന്തമുണ്ടായ ഉടൻ രക്ഷാപ്രവർത്തകർക്ക്‌ അവിടേക്ക്‌ എത്തിച്ചേരാനാകാത്തതും ദുരന്തത്തിന്റെ ആക്കം കൂട്ടി. ചൊവ്വാഴ്ചയാണ്‌ കൂടുതൽ രക്ഷാസംഘത്തെ ഇവിടേക്ക്‌ എത്തിക്കാനായത്‌. തദ്ദേശവാസികളും എത്തിച്ചേർന്ന രക്ഷാപ്രവർത്തകരുമാണ്‌ ചെളിക്കൂനകൾക്കിടയിലും നദിയിലുംനിന്ന്‌ മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്‌. ലിബിയയുടെ മറ്റ്‌ ഭാഗങ്ങളിൽനിന്നുള്ള റെഡ്‌ ക്രസന്റ്‌ വളന്റിയർമാരും ചൊവ്വാഴ്ച രാവിലെ ഡർനയിൽ എത്തി.

കണക്കുകൂട്ടലുകൾക്കപ്പുറമുള്ള ദുരന്തമാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ ആരോഗ്യമന്ത്രി ഓത്ത്‌മാൻ അബ്ദുൾജലീൽ പറഞ്ഞു. കഴിഞ്ഞയാഴ്ച കഴിഞ്ഞ ആഴ്‌ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ ചുഴലിക്കാറ്റ് ലിബിയയില്‍ നാശം വിതച്ചത്.

English Summary: 10,000 missing In Libya Floods.