കടമക്കുടിയിലെ കൂട്ട ആത്മഹത്യ; കാരണം ഓൺലൈന്‍ ലോൺ? തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ കണ്ടെത്തി.

0
25711

കൊച്ചി: കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തതിനു കാരണം ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണി. യുവതി ഓൺലൈൻ ആപ്പ് വഴി വായ്പയെടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ യുവതിയുടെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വരാപ്പുഴ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ചയാണ് എറണാകുളം നോർത്ത് പറവൂരിൽ വലിയ കടമക്കുടി മാടശ്ശേരി നിജോ (38), ഭാര്യ ശിൽപ (32), മക്കളായ എയ്‌ബൽ (ഏഴ്), ആരോൺ (അഞ്ച്) എന്നിവരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണിയെപ്പറ്റി വിവരങ്ങൾ ലഭിച്ചത്.

ഡിസൈന്‍ ജോലിക്കാരനായ നിജോയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനാൽ ഒപ്പം ജോലി ചെയ്യുന്ന അയല്‍വാസി തമ്പി വീട്ടിലെത്തി. ഇവിടെയെത്തി വിളിച്ചിട്ടും വിളി കേൾക്കാത്തതിനെത്തുടർന്ന് മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ മുകൾ നിലയിലാണ് ഇവർ താമസിക്കുന്നത്. താഴത്തെ നിലയിൽ നിജോയുടെ അമ്മയും സഹോദരനും കുടുംബവുമാണ് താമസിക്കുന്നത്.

പത്തു വർഷം മുമ്പാണ് നിജോയും ശിൽപയും വിവാഹിതരായത്. ഒരു മാസം മുമ്പാണ് വിദേശത്തായിരുന്ന ശിൽപ നാട്ടിലെത്തിയത്. ഇറ്റലിയിൽ പ്രതീക്ഷിച്ച ജോലി കിട്ടാത്തതിനെത്തുടർന്നാണ് ശിൽപ മടങ്ങിവന്നത്. ഇതിനുമുമ്പും ഇറ്റലിയിൽ പോകാൻ ശിൽപ തുക തയ്യാറാക്കി നൽകിയെങ്കിലും കൊവിഡ് സാഹചര്യത്തിൽ വിദേശയാത്ര നടന്നില്ല. തുടർന്ന് വാരാപ്പുഴയിലെ ഒരു പ്രസിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും ഇറ്റലിയിലേക്ക് പോയത്. എന്നാൽ, ജോലി സാഹചര്യം മെച്ചമല്ലാത്തതിനാൽ തിരിച്ചുവരികയായിരുന്നു. ഇറ്റലിയിലേക്ക് പോകാനാണോ ഓൺലൈൻ ആപ്പ് വഴി വായ്പയെടുത്ത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നാലുപേരുടെയും മൃതദേഹം കടമക്കുടി സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു. പരേതനായ ജോണി- ആനി ദമ്പതികളുടെ മകനാണ് നിജോ. കൊടുങ്ങല്ലൂർ മേത്തല പരപ്പിള്ളി ബസാർ കോളങ്ങര വീട്ടിൽ പരേതനായ രാജുവിന്റെയും മോളിയുടെയും മകളാണ് ശിൽപ. ശിഖയാണ് സഹോദരി. ഇവർ രണ്ടുപേരും ഹൈദരാബാദിലാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Police found threat messages in Silpas phone.