ജ്യോത്സ്യന്റെ ഇടപെടൽ; തൻ്റെ ലക്ഷ്യം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച: ഇ​ഗോർ സ്റ്റിമാക്

ഇന്ത്യൻ ഫുട്ബോളിന്റെ  ഉയർച്ചയാണ് തന്റെ ലക്ഷ്യമെന്നും അതിന് പ്രതിജ്ഞാബദ്ധനാണെന്നും സ്റ്റിമാക് വ്യക്തമാക്കി

0
213

ന്യൂഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ഫുട്‍ബോൾ ടീമിനെ തെരഞ്ഞെടുത്തത് ജ്യോത്സന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന വെളിപ്പെടുത്തൽ വിവാദമായതോടെ പ്രതികരണവുമായി പരിശീലകൻ ഇ​ഗോർ സ്റ്റിമാക്. തനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. ഉടൻതന്നെ അവ വെളിപ്പെടുത്തും. ഇന്ത്യൻ ഫുട്ബോളിന്റെ  ഉയർച്ചയാണ് തന്റെ ലക്ഷ്യമെന്നും അതിന് പ്രതിജ്ഞാബദ്ധനാണെന്നും സ്റ്റിമാക് വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലാണ് സ്റ്റിമാക്കിന്റെ പ്രതികരണം.

തന്റെ ലക്ഷ്യം ഇന്ത്യൻ ഫുട്ബോളിന്റെ പുരോഗതി മാത്രമാണ്. ആരാണ് ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചയ്ക്കായി പരിശ്രമിക്കേണ്ടത്? ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചയ്ക്കായി സത്യസന്ധമായി പോരാടണം. അത് അറിയാനുള്ള സമയം വരികയാണ്. പിന്തുണച്ച എല്ലാവർക്കും നന്ദി എന്നും സ്റ്റിമാക്ക് കുറിച്ചിട്ടുണ്ട്.

ഡൽഹി സ്വദേശിയായ ഭൂപേഷ് ശര്‍മ്മയെന്ന ജ്യോത്സന്റെ നിർദേശപ്രകാരമാണ് ടീമിൽ കളിക്കാരെ തെരഞ്ഞെടുത്തതെന്നും ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക് കളിക്കാരുടെ വിവരങ്ങള്‍ കൈമാറിയെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കളിക്കാർക്ക് പ്രോത്സാഹനം നൽകാനാണ് നിയമനമെന്നായിരുന്നു ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വിശദീകരിച്ചത്. ടീമംഗങ്ങളെ തെരഞ്ഞെടുത്തത് കളിക്കാരുടെ ​ഗ്രഹനില അനുസരിച്ചാണെന്നും പുറത്തുവന്നിരുന്നു.