ഹൃദയാഘാതം; ഇന്ത്യന്‍ യാത്രക്കാരൻ വിമാനത്തിൽ മരിച്ചു

മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന ധനശേഖരന്‍ അവധിക്ക് നാട്ടിലേക്ക് പോയതായിരുന്നു

0
282

മസ്‌കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന 38 കാരനായ ഇന്ത്യന്‍ യാത്രക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തില്‍ വെച്ച് മരിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഇളയന്‍കുടി സ്വദേശി കെ ധനശേഖരനാണ് മരിച്ചത്.

മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന ധനശേഖരന്‍ അവധിക്ക് നാട്ടിലേക്ക് പോയതായിരുന്നു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ യാത്രക്കാരും ഇറങ്ങിയ ശേഷം വിമാനത്തിൽ ധനശേഖരനെ സീറ്റില്‍ കാബിന്‍ ക്രൂ കാണുകയായിരുന്നു. തുടർന്ന് കാബിന്‍ ക്രൂ അദ്ദേഹത്തെ പരിശോധിച്ചപ്പോൾ അബോധാവസ്ഥയിലാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ വിമാനത്താവള അധികൃതരെ വിവരമറിയിച്ചു. മെഡിക്കല്‍ സംഘമെത്തി ധനശേഖരനെ പരിശോധിക്കുകയും എയര്‍പോര്‍ട്ട് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലെത്തിക്കുകയുംചെയ്തു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ധനശേഖരന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. എയര്‍പോര്‍ട്ട് പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.