നടി ഗൗതമിക്കും മകള്‍ക്കും വധഭീഷണി, 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തതായി പരാതി

ശുഭലക്ഷ്മിയുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സ്വത്തുക്കൾ വീണ്ടെടുക്കണമെന്നും ഭീക്ഷണി പെടുത്തിയവർക്കെതിരെ കാര്യമായ നടപടി സ്വീകരിക്കണമെന്നും ഗൗതമി പറഞ്ഞു

0
619

ചെന്നൈ: നടി ഗൗതമിക്കും മകൾ ശുഭലക്ഷ്മിക്കും വധ ഭീഷണി നേരിട്ടതായി പരാതി. 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. മകളുടെ പഠനത്തിനും മറ്റു ആവശ്യങ്ങൾക്കായും 46 ഏക്കർ ഭൂമി വിൽക്കാൻ ഗൗതമി പദ്ധതിയിട്ടിരുന്നു. ഇത് വിറ്റുതരാമെന്ന വ്യാജേന ബിൽഡറായ അളഗപ്പനും ഭാര്യയും തന്നെ സമീപിച്ച് വസ്തുക്കൾ കൈക്കലാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്.

ഇതിനെതിരെ പരാതിപെടാൻ ഒരുങ്ങിയപ്പോൾ അളഗപ്പന്റെ രാഷ്‌ട്രീയ ഗുണ്ടകളിൽ നിന്നും തനിക്കും മകൾക്കും വധഭീഷണി നേരിടേണ്ടതായി വന്നെന്നും ഗൗതമിയുടെ പരാതിയിൽ പറയുന്നു. ഇത് ശുഭലക്ഷ്മിയുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സ്വത്തുക്കൾ വീണ്ടെടുക്കണമെന്നും ഭീക്ഷണി പെടുത്തിയവർക്കെതിരെ കാര്യമായ നടപടി സ്വീകരിക്കണമെന്നും ഗൗതമി പറഞ്ഞു. ഗൗതമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി ഒട്ടേറെ സിനിമകളിൽ നിരവധി നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് നടി സിനിമാ പ്രേമികൾക്കായി നൽകിയിട്ടുള്ളത്. മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ കൂടെ ഹിസ് ഹൈനസ് അബ്ദുള്ളയിൽ ഗൗതമി ചെയ്ത കഥാപാത്രം എന്നും ആരാധകരുടെ മനസ്സിൽ തട്ടി നിൽക്കുന്നതാണ്. ധ്രുവം എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായും നടി എത്തിയിരുന്നു. മകൾ ശുഭലക്ഷ്മിയോടൊപ്പം ചെന്നൈയിലെ വീട്ടിലാണ് നടിയുടെ താമസം.