നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി വാങ്ങി വഞ്ചിച്ചു; സംഘ്പരിവാര്‍ നേതാവ് ചൈത്ര കുന്താപുര അറസ്റ്റില്‍

0
871

കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയില്‍ സംഘ്പരിവാര്‍ നേതാവും തീവ്രഹിന്ദുത്വ വേദികളിലെ തീപ്പൊരി പ്രസംഗകയുമായ ചൈത്ര കുന്താപുര അറസ്റ്റില്‍.

ബംഗളൂരുവില്‍ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ പിടികൂടിയത്. ഏറെനാളായി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ ചൈത്ര, മാസ്‌ക് ധരിച്ചാണ് എത്തിയിരുന്നത്.

മുംബൈയില്‍ വ്യവസായിയും ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഗോവിന്ദ ബാബുവാണ് പരാതിക്കാരന്‍. നിയമസഭ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് പണം തിരികെ ലഭിക്കും എന്ന പ്രതീക്ഷയില്‍ പരാതി നല്‍കിയിരുന്നില്ലെന്ന് പറയുന്നു. കിട്ടാതായതിനെത്തുടര്‍ന്ന് ബംഗളൂരു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ചൈത്രയുടെ കൂട്ടാളികളായ ശ്രീകാന്ത് നായക്, ഗംഗന്‍ കഡുര്‍, എ. പ്രസാദ് എന്നിവരെയും ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിട്ടുണ്ട്.