എന്താണ് നിപ? എങ്ങനെ പ്രതിരോധിക്കാം

0
135

പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ ഒരു വൈറസാണിത്.

ലക്ഷണങ്ങൾ

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ രോഗി ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്.

എങ്ങനെ സ്ഥിരീകരിക്കാം

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നും ആർടിപിസിആർ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലിസ പരിശോധനയിലൂടെയും വൈറസിനെ തിരിച്ചറിയാൻ സാധിക്കും.

പ്രതിരോധ മാർഗങ്ങൾ

പ്രതിരോധമാണ് ഏറ്റവും പ്രധാനം. അസുഖം വന്നശേഷമുള്ള ചികിത്സ മിക്കവാറും പേരിൽ സങ്കീർണമാണ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല.

കൈക്കൊള്ളേണ്ട മുൻകരുതലുകൾ

കൃത്യമായി മാസ്‌ക് ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.