അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

സ്വകാര്യതയിലേക്ക് കടന്നുകയറാൻ കോടതിക്കാവില്ല.

0
267

കൊച്ചി: സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതുസ്ഥലത്ത് നിന്ന് അശ്ലീല വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. ഫോണില്‍ അശ്ലീല ഫോട്ടോകളോ വീഡിയോകള്‍ സൂക്ഷിച്ച് സ്വകാര്യമായി കാണുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റമായി കണക്കാക്കില്ല. ഇത് വ്യക്തിയുടെ സ്വകാര്യ തെരഞ്ഞെടുപ്പാണ്. കോടതിക്ക് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനാകില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ തന്റെ സ്വകാര്യ സമയത്ത് അശ്ലീല വീഡിയോ മറ്റുള്ളവര്‍ക്ക് കാണിക്കാതെ സ്വയം കാണുന്നത് കുറ്റകൃത്യമായി കണക്കാക്കാന്‍ കോടതിക്ക് കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292 പ്രകാരം കുറ്റകരമാവില്ലെന്നും കോടതി വ്യക്തമാക്കി.

അശ്ലീല വീഡിയോ അല്ലെങ്കില്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കാനോ വിതരണം ചെയ്യാനോ പരസ്യമായി പ്രദര്‍ശിപ്പിക്കാനോ ശ്രമിക്കുകയാണെങ്കില്‍ സെക്ഷന്‍ 292 ഐപിസി പ്രകാരമുള്ള കുറ്റം ചുമത്താം. തനിക്കെതിരെ അശ്ലീല വീഡിയോ കൈവശം വെച്ചതിന് എടുത്ത കേസ് നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കറുകുറ്റി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

ഡിജിറ്റൽ യുഗത്തിൽ ഇത്തരം വീഡിയോകൾ ലഭിക്കാൻ പ്രയാസമില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരു വിരൽതുമ്പിൽ ഇത്തരം വീഡിയോകൾ ലഭ്യമാകും. എന്നാൽ, ചെറിയ കുട്ടികൾ ഇത്തരം വീഡിയോകൾ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിധിന്യായത്തിൽ പറഞ്ഞു. മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനുപകരം കുട്ടികളെ വിജ്ഞാനപ്രദമായ വാര്‍ത്തകളും വീഡിയോകളും കാണിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

2016 ജൂലൈ മാസം ആലുവ പാലത്തിന് സമീപം മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടതിനാണ് കറുകുറ്റി സ്വദേശിയായ 27 കാരനെതിരെ ആലുവ പൊലീസ് കേസെടുത്തത്.

English Summary: Court cannot invade privacy.