തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് കനത്ത തിരിച്ചടി, എം സ്വരാജ് നൽകിയ കേസ് തുടരാമെന്ന് സുപ്രീംകോടതി

ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല, ബാബുവിന്റെ ഹർജി തള്ളി

0
220

ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന് കനത്ത തിരിച്ചടി. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന് ചൂണ്ടിക്കാട്ടി എം സ്വരാജ് നൽകിയ കേസ് തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.

തെരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ ബാബുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാബുവിന്റെ ഹർജി തള്ളിയ കോടതി കേസ് തുടരാൻ അനുമതി നൽകി. അക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ഹൈക്കോടതിയിലെ നടപടിക്രമങ്ങള്‍ തുടരാമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധാബോസ്, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

അതേസമയം, കെ ബാബുവിന്‍റെ ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ കാലതാമസം കൊണ്ട് അസാധുവാകുന്ന സാഹചര്യമുണ്ടെന്ന് എം സ്വരാജിനായി ഹാജരായ അഭിഭാഷകൻ പി വി ദിനേഷ് വാദിച്ചു. മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ആരോപിച്ച് കെ ബാബുവിനെതിരെ എതിർ സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന്‌ കേരള ഹൈക്കോടതി ഈ വർഷം മാർച്ചിൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ബാബു സുപ്രീംകോടതിയെ സമീപിച്ചത്.