അമിതവേഗത്തിലെത്തിയ ലോറി ബസ് സ്റ്റോപ്പിൽ പാഞ്ഞുകയറി; വീട്ടമ്മ മരിച്ചു, എൽകെജി വിദ്യാർത്ഥിയടക്കം മൂന്നുപേർക്ക് പരിക്ക്

മദ്യലഹരിയിൽ ക്ലീനറാണ് ലോറി ഓടിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തു.

0
15267

നെടുമങ്ങാട്: അമിതവേഗത്തിലെത്തിയ ലോറി ബസ് സ്റ്റോപ്പിൽ പാഞ്ഞുകയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. എൽകെജി വിദ്യാർത്ഥിയടക്കം മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട് ആര്യനാട് റൂട്ടിൽ ഉഴമലക്കലിനടുത്താണ് അപകടം.

വെയ്റ്റിംഗ് ഷെഡ്‌ഡിൽ ബസ് കാത്ത് നിന്ന കുളപ്പട സ്വദേശി ഷീല ( 57) തൽക്ഷണം മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ വൈഗ, ദിവ്യ, എൽകെജി വിദ്യാർത്ഥി ദിയ ലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആര്യനാടേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഏലിയാവൂരിൽ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. നെടുമങ്ങാട് ഭാഗത്ത് നിന്നും അമിതവേഗത്തിൽ വന്ന ലോറി ബസ് സ്റ്റോപ്പും തകർത്ത് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചശേഷം കരമനയാറിൻറ തീരത്തേക്ക് പതിനഞ്ചടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ പെട്ടവരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ലോറിയുടെ അടിയിൽനിന്നും പുറത്തെടുത്തത്. മദ്യലഹരിയിൽ വാഹനത്തിലെ മദ്യലഹരിയിൽ ക്ലീനറാണ് ലോറി ഓടിച്ചത്. അപകടത്തിനുപിന്നാലെ ലോറി ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ക്ലീനറെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

English Summary: Lorry crashes into bus stop three injured.