തിരുവനന്തപുരം: സോളാർ കേസിൽ കോൺഗ്രസിൽ വീണ്ടും വിവാദം കത്തുന്നതിനിടെ, മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ മുതിർന്ന നേതാവ് കെ സി ജോസഫ് പരസ്യമായി രംഗത്ത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്റെ അറസ്റ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻചാണ്ടിക്ക് കൊടുത്ത ‘സർപ്രൈസ്’ ആയിരുന്നുവെന്നാണ് കെ സി ജോസഫ് തുറന്നടിച്ചത്. ജോപ്പന്റെ അറസ്റ്റ് വിദേശത്തായിരുന്ന മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല. ഇത് യാഥാര്‍ത്ഥ്യമാണ്. എന്നാൽ, ഇതിന്റെ മറ്റു വിശദാംശങ്ങൾ വ്യക്തമാക്കാൻ കെ സി ജോസഫ് തയ്യാറായില്ല.
ടെനി ജോപ്പന്റെ അറസ്റ്റ് മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണ്. കാരണം അന്ന് ഞാന്‍ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ ബഹറിനിലെ യുഎന്‍ അവാര്‍ഡ് വാങ്ങാന്‍ പോയതായിരുന്നു. അത് കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോഴാണ് ജോപ്പന്റെ അറസ്റ്റ് വിവരം അറിയുന്നത്. സര്‍പ്രൈസ് ആയിരുന്നു. അദ്ദേഹം അറിഞ്ഞിരുന്നില്ല. അത്രയും മാത്രമേ തനിക്കറിയുകയുള്ളുവെന്നും കെ സി ജോസഫ് പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് 2013 ജൂണില്‍ ടെനി ജോപ്പനെ അറസ്റ്റ് ചെയ്യുന്നത്. പത്തനംതിട്ട കോന്നി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സരിതാ നായരുമായി ചേര്‍ന്ന് ജോപ്പന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നായിരുന്നു പരാതി.
ഉമ്മൻ ചാണ്ടിയുടെ ഏറ്റവുമടുത്ത വിശ്വസ്തനാണ് കെ സി ജോസഫ്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അടക്കമുള്ളവർ സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പിന്നിൽനിന്നും കുത്തിയെന്ന് ജോസഫ് അടക്കമുള്ളവർ നേരത്തെ അടുപ്പക്കാരുമായി പങ്കുവെച്ചിരുന്നു. വേണ്ടതും സോളാർ വിഷയം കുത്തിപ്പൊക്കി കൊണ്ടുവന്നതിൽ കെ സി ജോസഫ് അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾക്ക് കടുത്ത അമർഷവുമുണ്ട്.ഈ പ്രതിഷേധമാണ് കെ സി ജോസഫ് ഇപ്പോൾ പരസ്യമായി പ്രകടിപ്പിച്ചത്.
സോളാർ കേസിൽ നേരത്തെ മുൻ മന്ത്രിമാരായ കെ സി ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ പരസ്യമായി തർക്കം ഉടലെടുത്തിരുന്നു. ഉമ്മൻചാണ്ടിക്ക് അനുകൂലമായ ചില വെളിപ്പെടുത്തലുകൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായപ്പോൾ വി ഡി സതീശനും തിരുവഞ്ചൂരും അടക്കമുള്ള നേതാക്കൾ ഒന്നും മിണ്ടിയില്ലെന്ന് കെ സി ജോസഫ് പറഞ്ഞിരുന്നു. മൂന്നുമാസം മുമ്പായിരുന്നു തിരുവഞ്ചൂരിനെതിരെ ജോസഫ് രംഗത്തുവന്നത്. എന്നാൽ, ചിലർ കാര്യമറിയാതെ ചുമ്മാ പലതും വിളിച്ചുപറയുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
English Summary: Surprise given to Oommenchandy by Thirivanchoor.