നിപ സംശയം: പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 75 പേർ; മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ്, കൺട്രോൾ റൂം തുറന്നു

പ്രതിരോധ പ്രവർത്തനങ്ങൾക്ക് 16 കോർ കമ്മിറ്റികൾ, നിപ സംശയത്തോടെ ചികിത്സയിലുള്ളത് നാലുപേരെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.

0
132

കോഴിക്കോട്: ജില്ലയിലെ അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് നാലുപേരെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

രോഗലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം പുലർത്തിയ 75 പേർ പ്രാഥമിക സമ്പർക്കപട്ടികയിലുണ്ട്. ഇവരെയെല്ലാവരേയും കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റും. രോഗലക്ഷണങ്ങളുള്ളവരുടെ സാംപിൾ പരിശോധനാഫലം വൈകിട്ടോടെ ലഭ്യമാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും യോ​ഗം ചേരും.

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന ഉന്നതതലയോഗ തീരുമാനങ്ങൾ ഇങ്ങനെ.

  • നിപ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ.
  • പ്രതിരോധ പ്രവർത്തനങ്ങൾക്ക് 16 കോർ കമ്മിറ്റികൾ.
  • വിവിധ ചുമതലകൾ ഓരോ ടീമിനും നിശ്ചയിച്ചുനൽകി.
  • സാംപിൾ പരിശോധന, സമ്പർക്കം കണ്ടെത്തൽ എന്നിവ ത്വരിതമാക്കും.
  • മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് ആരംഭിക്കും.
  • മറ്റ് ആശുപത്രികളിലും ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തും.
  • ആശുപത്രികളിൽ ഇൻഫക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ.
  • ആരോഗ്യപ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കും.
  • രോഗലക്ഷണങ്ങളുള്ളവരെ ചികിത്സിക്കാൻ പിപിഇ കിറ്റ് ധരിക്കണം.
  • ജനങ്ങൾ മാസ്ക് ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം.
  • പൊതുജനങ്ങളും ആരോ​ഗ്യപ്രവർത്തകരും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം.
  • രോഗികൾക്ക് കൂട്ടിരിപ്പിനായി ഒരാളെ മാത്രമെ അനുവദിക്കൂ.
  • മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്.

English Summary: Cautious steps in Kozhikode regarding suspected Nipah cases.