ഭർത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി

0
991

തിരുവല്ല: തിരുമൂലപുരത്ത് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി ഭര്‍ത്താവിന്റെ പരാതി. തട്ടുകടയിൽനിന്നും ആഹാരം കഴിച്ച ശേഷം ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 വയസ്സുകാരിയെയും കുഞ്ഞിനെയും കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്. ഭർത്താവ് സന്ദീപ് സന്തോഷ് നൽകിയ പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ കാമുകൻ പ്രിന്റോ പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാത്രി 10.30-ഓടെ തിരുമൂലപുരം കുറ്റൂര്‍പാലത്തിന് സമീപത്തെ തട്ടുകടയില്‍നിന്ന് ഭക്ഷണംകഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും കുടുംബവും. യുവതിയും ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ സഹോദരിയും രണ്ട് ഇരുചക്രവാഹനങ്ങളിലായാണ് യാത്രചെയ്തിരുന്നത്. ഇതിനിടെയാണ് കാറിലെത്തിയ പ്രതികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്.

കാര്‍ റോഡിന് കുറുകെ നിര്‍ത്തി ബൈക്ക് തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ഭര്‍ത്താവിനെ ആദ്യം പിടിച്ചുവെച്ചു. തുടര്‍ന്ന് യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ കാറിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെ അക്രമിസംഘം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തന്റെ കൂടെ വന്നില്ലെങ്കില്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് മുഖ്യപ്രതിയായ പ്രിന്റു പ്രസാദ് യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയെയും ബലമായി പിടിച്ച് കാറില്‍കയറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. അക്രമിസംഘത്തെ എതിര്‍ക്കാന്‍ശ്രമിച്ച സഹോദരിയെ മര്‍ദിച്ചതായും പരാതിയുണ്ട്.