സോളാറില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി

നോട്ടീസ് ലഭിച്ചതിനാല്‍ ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാരിന് വിമുഖതയില്ലെന്നും മുഖ്യമന്ത്രി.

0
128

തിരുവനന്തപുരം: സോളാറില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി. അടിയന്തര പ്രമേയ നോട്ടിസില്‍ സഭ നിര്‍ത്തിവച്ച് ഒരു മണിക്ക് ചര്‍ച്ച നടത്തും. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് മറുപടി പറയാന്‍ പരിമിതികളുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടുള്‍പ്പടെയുള്ളവ സര്‍ക്കാരിന്റെ കൈവശമില്ലെന്നും എന്നാല്‍ നോട്ടിസ് ലഭിച്ചതിനാല്‍ ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാരിന് വിമുഖതയില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

സോളാർ കേസിൽ അന്വേഷണം സിബിഐയെ ഏൽപ്പിച്ചിരുന്നു എന്നും പരാതിക്കാർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സിബിഐയെ ഏൽപ്പിച്ചത് എന്നും മുഖ്യമന്ത്രി മറുപടി നൽകി. അതേസമയം, സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂ, റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് ഇതിന് നിയമസഭയിൽ സർക്കാർ മറുപടി പറയണം എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ല. വിഷയത്തിൽ ചർച്ച ആകാമെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഷാഫി പറമ്പില്‍ നല്‍കിയ നോട്ടീസിലാണ് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. സോളാര്‍ ലൈംഗികാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചര്‍ച്ചക്ക് അനുമതി നല്‍കിയത്.

English Summary: Kerala Assembly will discuss solar case.