‘ക്ഷേത്രപരിസരത്ത് ആർഎസ്എസ് കവാത്ത് വേണ്ട’; ശാര്‍ക്കര ദേവി ക്ഷേത്രപരിസരത്തെ ആയുധ പരീശീലനം വിലക്കി ഹൈക്കോടതി

ആയുധപരിശീലനം വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഭക്തരാണ് കോടതിയെ സമീപിച്ചത്.

0
223

കൊച്ചി: ക്ഷേത്രപരിസരത്ത് ആൾക്കൂട്ട അഭ്യാസങ്ങളും ആയുധ പരിശീലനങ്ങളും വിലക്കി ഹൈക്കോടതി. തിരുവനന്തപുരം ശാർക്കര ദേവി ക്ഷേത്രപരിസരത്തെ ആർഎസ്എസ് ആയുധ പരിശീലനത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അനിൽകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെന്ന് ‘ലൈവ് ലോ’ റിപ്പോർട്ട് ചെയ്തു. തിരുവിതാംകൂർ ദേവസ്വം കമ്മീഷണർക്കും ശാർക്കര ദേവീക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കും ഇത് സംബന്ധിച്ച് നിർദേശം നൽകി.

ക്ഷേത്ര പരിസരത്ത് ആൾക്കൂട്ട അഭ്യാസങ്ങളും ആയുധ പരിശീലനങ്ങളും നടക്കുന്നില്ലെന്ന് ദേവസ്വം ബോർഡും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉറപ്പുവരുത്തണം. അഭ്യാസങ്ങളും ആയുധ പ്രയോഗങ്ങളും തടയുന്നത് കർശനമായി പാലിക്കണമെന്നും ആവശ്യമെങ്കിൽ മതിയായ സഹായം നൽകണമെന്നും ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർക്ക് കോടതി നിർദ്ദേശം നൽകി.

തിരുവനന്തപുരത്തെ ശ്രീ ശാർക്കര ദേവി ക്ഷേത്രം ആർഎസ്എസ് പ്രവർത്തകർ അഭ്യാസത്തിനും ആയുധ പരിശീലനത്തിനും വേണ്ടി അനധികൃതമായി കൈയേറിയെന്നാരോപിച്ചുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
ആയുധകായിക പരിശീലനങ്ങള്‍ ഭക്തർക്കും ക്ഷേത്രദർശനത്തിനെത്തുന്ന തീർഥാടകർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി ക്ഷേത്രത്തിലെ സമീപവാസികൾ സമർപ്പിച്ച ഹർജിയിലാണ് നടപടി.

ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെയാണ് പ്രതികൾ ക്ഷേത്രത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. ദേവസ്വം കമ്മീഷണർ രണ്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടും ഇത് കണക്കിലെടുക്കാതെ നിയമലംഘനങ്ങൾ തുടരുന്നതായി പരാതി ഉയർന്നിരുന്നു.

പരിശീലനത്തിന്റെ ഭാഗമായി കൂട്ടമായി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുമെന്നും അതുവഴി ക്ഷേത്രത്തിന്റെ സമാധാനപരവും ശാന്തവുമായ അന്തരീക്ഷം തകർക്കുമെന്നും ഹർജിക്കാർ ആരോപിച്ചു. എന്നാൽ, ആൾക്കൂട്ട അഭ്യാസങ്ങളോ ആയുധ പരിശീലനമോ നടത്തുന്നില്ലെന്നായിരുന്നു ആർഎസ്എസ് വാദം. അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയപ്രേരിതമാണ് തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെന്നും ആർഎസ്എസ് കോടതിയിൽ വാദിച്ചു. ഇത് കോടതി തള്ളി.

ക്ഷേത്രത്തിലെ ആചാരങ്ങളും ഉത്സവങ്ങളും ഉപയോഗത്തിനനുസരിച്ച് സുഗമമായി നടത്തുന്നതിന് ബോർഡിനും അതിന്റെ ഉദ്യോഗസ്ഥർക്കും ആവശ്യമായ സഹായം നൽകാൻ ക്ഷേത്ര ഉപദേശക സമിതി ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി.

English Summary: The premises of Sree Sarkara Devi Temple cannot be used for conducting weaponry training.