സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോര്‍ഡ്; ആറു മാസത്തിൽ 1.06 കോടി ആഭ്യന്തര സഞ്ചാരികള്‍: മന്ത്രി മുഹമ്മദ് റിയാസ്

ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍.

0
239
പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ഉദ്‌ഘാടനംചെയ്തശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 2023 ലെ ആദ്യ രണ്ടു പാദത്തിലും റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് 1,06,83,643 ആഭ്യന്തര വിനോദ സഞ്ചാരികള്‍ ആണ്. 2022ല്‍ ഇതേ കാലയളവില്‍ 88,95,593 ആയിരുന്നു. 20.1% സഞ്ചാരികളാണ് അധികമായി എത്തിയതെന്ന് മന്ത്രി പറഞ്ഞു.

2022 കലണ്ടര്‍ വര്‍ഷം 35168.42 കോടി രൂപ വരുമാനമാണ് വിനോദസഞ്ചാര മേഖലയില്‍ നിന്ന് ലഭിച്ചത്. കോവിഡ് കാലത്തെ അപേക്ഷിച്ച് വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. 2020ല്‍ 11335.96 കോടിയും 2021 ല്‍ 12285.42 കോടിയുമായിരുന്നു വരുമാനമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പിന്‍റെ കണക്കനുസരിച്ച് 2023 ലെ ആദ്യപകുതിയില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. 22,16,250 സഞ്ചാരികളെയാണ് എറണാകുളം ആകര്‍ഷിച്ചത്. ഇടുക്കിയാണ് രണ്ടാമത്, 18,01,502 സഞ്ചാരികള്‍. തിരുവനന്തപുരം (17,21,264), തൃശ്ശൂര്‍ (11,67,788), വയനാട് (8,71,664) ജില്ലകളാണ് തുടര്‍ന്നുള്ളത്.

കോവിഡിനു മുമ്പ് 2019 ലെ അര്‍ധവാര്‍ഷികത്തില്‍ എത്തിയത് 89.64 ലക്ഷം വിനോദ സഞ്ചാരികളായിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കോവിഡിന് മുന്നേയുള്ള സ്ഥിതി മറികടന്ന് കേരളം മുന്നേറി എന്നതിന്‍റെ സൂചനയാണിത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടെന്ന് മന്ത്രി പറഞ്ഞു. 2022 നേക്കാള്‍ 171.55% വര്‍ധനവാണുള്ളത്. 2022 ലെ ആദ്യ പകുതിയില്‍ 1,05,960 ആയിരുന്നത് 2023 ല്‍ 2,87,730 ആയി ഉയര്‍ന്നു. 1,81,770 വിദേശ സഞ്ചാരികളാണ് അധികമായി കേരളത്തില്‍ എത്തിയത്.

2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 57,47,369 ആണ്. 2022 രണ്ടാം പാദത്തില്‍ ഇത് 51.01 ലക്ഷം ആയിരുന്നു. 12.68% വര്‍ധനവ്. 2023 ലെ രണ്ടാം പാദത്തിലെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 93,951 ആണ്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 62,413 ആയിരുന്നു. 50.53% വര്‍ധനവ്.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ കേരളം ഈ വര്‍ഷം സര്‍വ്വകാല റെക്കോര്‍ഡ് നേടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ടൂറിസം ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. പുതിയ ടൂറിസം ഉല്‍പ്പങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരളത്തിനായെന്ന് ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു.

English Summary: Ernakulam district is leading in the number of domestic tourists.