‘ജൂനിയറായ പലരും പ്രവർത്തക സമിതിയില്‍; പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി വേദനിപ്പിച്ചു’, പ്രതിഷേധം പരസ്യമാക്കി ചെന്നിത്തല

അച്ചടക്കമുള്ളവരെ വേണ്ടെന്ന് നേതാക്കൾക്ക് തോന്നിക്കാണും - തുറന്നടിച്ച് ചെന്നിത്തല.

0
202

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽനിന്നും ഒഴിവാക്കിയ നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത പ്രതിഷേധവും നിരാശയും പരസ്യമാക്കി രമേശ് ചെന്നിത്തല. പ്രവർത്തക സമിതി ലിസ്റ്റ് മാനസിക സംഘർഷമുണ്ടാക്കിയെന്ന് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. തന്നെ സ്ഥിരം സമിതി ക്ഷണിതാവായി ഉള്‍പ്പെടുത്തിയതിന് നന്ദിയുണ്ട്. ഒരു പദവിയും ഇല്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“19 വര്‍ഷം മുമ്പ് താൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു. ഇക്കാലമത്രയും പാർട്ടിക്ക് വേണ്ടി സത്യസന്ധമായി പ്രവർത്തിച്ചു. 19 വര്‍ഷം പിന്നിടുമ്പോൾ വീണ്ടും പ്രത്യേക ക്ഷണിതാവെന്ന പദവിയില്‍ വന്നതില്‍ അസ്വാഭാവികത തോന്നി. ദേശീയതലത്തില്‍ തന്നെക്കാളും ജൂനിയറായ പലരും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെട്ടതില്‍ വിഷമമുണ്ട്. ഇക്കാലമത്രയും പാർട്ടി ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും സത്യസന്ധതയോടെയും അച്ചടക്കത്തോടെയും നിർവഹിച്ചിട്ടുണ്ട്. അച്ചടക്കമുള്ളവരെ വേണ്ടെന്ന് അവർക്ക് തോന്നിക്കാണും”- ചെന്നിത്തല തുറന്നടിച്ചു.

ഇന്ദിരാഗാന്ധിയാണ് എന്നെ എൻ എസ് യു പ്രസിഡന്റായി നിയമിച്ചത്. രാജീവ് ഗാന്ധി യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കി. ഒരു പ്രവർത്തകനുപോലും അപ്രാപ്യനായ നേതാവായിരുന്നില്ല തൻ. രണ്ടുവർഷമായി ഒരു പദവിയുമില്ലാതെയാണ് പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നത്. സോണിയ അധ്യക്ഷയായിരിക്കുമ്പോൾ പ്രവർത്തക സമിതി സ്ഥിരാംഗമായും അതിന് മുമ്പ് പ്രത്യേക ക്ഷണിതാവായും പ്രവർത്തിച്ചിട്ടുണ്ട്. പറയാനുള്ള കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും.

പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട എ കെ ആന്റണിയും കെ സി വേണുഗോപാലും ശശി തരൂരും കൊടിക്കുന്നിൽ സുരേഷും അർഹരായ നേതാക്കളാണ്. തിരിച്ചടിയായത് സാമുദായിക പരിഗണനയാണെന്നും കരുതുന്നില്ല. 16ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാൽ തനിക്കെതിരെ നിൽക്കുമെന്ന് വിശ്വസിക്കുന്നില്ല. വേണുഗോപാൽ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതിൽ തനിക്ക് സന്തോഷം മാത്രമാണുള്ളത്.

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത രീതിയെയും ചെന്നിത്തല വിമർശിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ ദുഃഖമില്ല. എന്നാൽ മാറ്റിയ രീതി തന്നെ വല്ലാതെ വേദനിപ്പിച്ചു. പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ബുദ്ധിമുട്ടുണ്ടാക്കി. ആ സ്ഥാനത്തുനിന്നും നിന്ന് മാറ്റിയതിൽ ഒരു സങ്കടവുമില്ല. പക്ഷെ അത് ചെയ്ത രീതി ശരിയായില്ല” – ചെന്നിത്തല പറഞ്ഞു. ഒരു വിഷയത്തിലും വിഴുപ്പലക്കാനോ പാർട്ടിയെ പ്രതിസന്ധിയിലാക്കാനോ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാവ് മാത്രം ആക്കിയതിനെക്കുറിച്ച് ഇതുവരെ ചെന്നിത്തല ഒന്നും പറഞ്ഞിരുന്നില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം പലതും പറയാം എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

English Summary: Leaders will feel they don’t want disciplined people; Chennithala.